തിരുവനന്തപുരം : ലോകം മുഴുവൻ ഒരു പന്തിന് ചുറ്റും തിരിഞ്ഞുകൊണ്ടിരിക്കെ നടന്നുവരുന്ന തിരുവനന്തപുരം റവന്യൂ ജില്ല കലോത്സവത്തിലും ഫുട്ബോൾ ആവേശം. യുപി വിഭാഗം നാടക മത്സര വേദിയിലാണ് ഫുട്ബോൾ വികാരം പ്രമേയമായ നാടകം അരങ്ങേറിയത്. വെള്ളനാട് യുപി സ്കൂൾ വിദ്യാർഥികളാണ് ഫുട്ബോളിന്‍റെ നന്മയും അതിന്‍റെ ആവശ്യകതയും ആസ്പദമാക്കി നാടകം അവതരിപ്പിച്ചത്.
രസതന്ത്രം എന്ന പേരിലായിരുന്നു നാടകം. സ്കൂളാണ് പശ്ചാത്തലം. ഒരു അധ്യാപികയുടേയും വിദ്യാർഥികളുടേയും കഥയാണ് നാടകം പറയുന്നത്. സ്കൂളുകളില്‍ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം കായിക മികവുകളും പിന്‍തുണയ്ക്കപ്പെടേണ്ടതിന്‍റെ ആവശ്യകതയാണ് നാടകം ചര്‍ച്ച ചെയ്യുന്നത്.
പ്രശസ്ത നാടക പ്രവർത്തകൻ അമൽ കൃഷ്ണയുടെ രചനയിൽ സ്കൂൾ പൂർവ വിദ്യാർഥി അജിത്താണ് 'രസതന്ത്രം' സംവിധാനം ചെയ്തത്. ഫുട്ബോള്‍ പ്രമേയമായത് നാടകത്തിൽ അഭിനയിച്ച കുഞ്ഞ് ആരാധകർക്ക് ആവേശമേകുന്നതുമായി. ഖത്തർ ലോകകപ്പിന്‍റെ ഉദ്ഘാടന വേദിയില്‍ മോർഗൻ ഫ്രീമാനും മുഫ്താഹിനും പങ്കുവച്ച സന്ദേശവും ചർച്ച ചെയ്യുന്നതിനിടയിലാണ് വെള്ളനാട് യുപി സ്കൂൾ വിദ്യാർഥികളുടെ നാടകവും സദസ്സ് ഏറ്റടുത്തത്.
മത്സര വിജയത്തിനപ്പുറം നല്ലൊരു സന്ദേശം കൈമാറിയതിന്‍റെ സന്തോഷത്തിലാണ് അധ്യാപകരും വിദ്യാർഥികളും.