തിരുവനന്തപുരം: ജില്ലയില്‍ വിവിധ പ്രദേശങ്ങളിൽ മഴക്കെടുതി രൂക്ഷമായി. നെയ്യാർ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാനിർദേശം നൽകി. കണ്ണൻകുഴി, രാമേശ്വരം, ഇരുമ്പിൽ, അമരവിള ഭാഗങ്ങളിൽ വെള്ളം കയറി.
നെയ്യാറ്റിൻകര താലൂക്കിൽ 25 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ബന്ധുവീടുകൾ, ജൂബിലി ഹാൾ, അമരവിള ഗ്രന്ഥശാല എന്നീ ഇടങ്ങളിലേക്കാണ് മറ്റി പാർപ്പിച്ചത്. താഴ്ന്ന പ്രദേശങ്ങൾ, രാമേശ്വരംപാലം എന്നിവ വെള്ളത്തിനടിയിലായി. അഗ്നിരക്ഷാസേന ഉൾപ്പെടെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
എന്നാൽ മഴയുടെ ശക്തി കുറഞ്ഞതും നെയ്യാർ ഡാമിന്‍റെ ഷട്ടറുകൾ വീണ്ടും താഴ്ത്തിയതും ആശ്വാസത്തിന് വക നല്‍കുന്നു. മഴ ശക്തമായാൽ കടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.
വിതുര പാലം മുങ്ങി
അതേസമയം വാമനപുരം നദിയിൽ ജലനിരപ്പ് ഉയർന്നതോടെ വിതുര പാലം മുങ്ങിയിട്ടുണ്ട്. പേപ്പാറയിൽ രണ്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പൊന്നാംചുണ്ട് പ്രദേശം ഒറ്റപ്പെട്ടു. ഇങ്ങോട്ടുള്ള ഗതാഗതം പൂർണമായും നിലച്ചു. നെടുമങ്ങാട് പനവൂർ പനയമുട്ടത്ത് മണ്ണിടിഞ്ഞ് വീടു തകർന്നു.
also read: ദുരിതാശ്വാസ ക്യാമ്പുകളില്‍ കൊവിഡ് മാനദണ്ഡം പാലിക്കണമെന്ന് മുഖ്യമന്ത്രി
അമ്പൂരിയിൽ തോട് മുറിച്ചു കടക്കാൻ ശ്രമിക്കവെ ഓട്ടോ ഒഴുക്കിൽപ്പെട്ട് അപകടത്തിലായ യാത്രക്കാരെ രക്ഷപ്പെടുത്തി. നഗരപരിധിയിൽ തൃക്കണ്ണാപുരത്തും വെള്ളം കയറി.