തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ ഇരുപത് ശതമാനം കിടക്കകൾ കൊവിഡ് ചികിത്സയ്ക്കായി മാറ്റിവയ്‌ക്കും. ഇതോടെ 24 സ്വകാര്യ ആശുപത്രികളിലായി ആയിരത്തോളം കിടക്കകൾ കൊവിഡ് ചികിത്സയ്ക്ക് മാത്രം ലഭിക്കും. ജില്ല കലക്‌ടർ നവജ്യോത് ഖോസ സ്വകാര്യ ആശുപത്രി അധികൃതരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
കൊവിഡ് ബി, സി വിഭാഗങ്ങളിലെ രോഗികൾക്കാണ് ആശുപത്രികളിൽ മുൻഗണന. തീവ്രപരിചരണ വിഭാഗങ്ങളിൽ കഴിയുന്നത്ര കിടക്കകളും വെന്‍റിലേറ്ററുകളും കൊവിഡ് രോഗികൾക്കായി മാറ്റിവയ്‌ക്കണം. എല്ലാ സ്വകാര്യ ആശുപത്രികളിലും കൊവിഡ് മാനേജ്‌മെന്‍റിനായി ഒരു നോഡൽ ഓഫീസറെ നിയോഗിക്കണം. ഇവർ കലക്ടറേറ്റിലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ല പ്രോഗ്രാം മാനേജ്‌മെന്‍റ് ആന്‍റ് സപ്പോർട്ട് യൂണിറ്റുമായി നിരന്തര ബന്ധം പുലർത്തണം.
ആശുപത്രിയിലെ കിടക്കകളുടെ എണ്ണം സംബന്ധിച്ച് നോഡൽ ഓഫീസർക്ക് കൃത്യമായ ധാരണ ഉണ്ടാകണം. ഇതുസംബന്ധിച്ച വിവരങ്ങൾ കൊവിഡ് ജാഗ്രത പോർട്ടലിൽ കൃത്യതയോടെ നൽകുന്നുവെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തവും നോഡൽ ഓഫീസർക്കാണ് ഉള്ളത്.