തിരുവനന്തപുരം: പ്രതിപക്ഷത്തിന്‍റെ പ്രതിഷേധച്ചൂടിനിടെ തിരുവനന്തപുരം ജില്ലയിലെ നവകേരള സദസിന് തുടക്കം. ഇന്ന് ചിറയിൻകീഴ്, ആറ്റിങ്ങൽ, വാമനപുരം, നെടുമങ്ങാട് മണ്ഡലങ്ങളിൽ സദസ് നടക്കും. ആറ്റിങ്ങൽ മാമം പൂജ കൺവെൻഷൻ സെന്‍ററിലായിരുന്നു ആദ്യ പ്രഭാതയോഗം(Thiruvananthapuram navakerala sadas begins today).
രാവിലെ ഒന്‍പതിന് ക്ഷണിക്കപ്പെട്ട അതിഥികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.(invited personalities communicated with CM) രാവിലെ 11ന് ചിറയിൻകീഴ് മണ്ഡലത്തിലാണ് ആദ്യ നവകേരള സദസ്. തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കാണ് വേദി. മാമം മൈതാനത്ത് വൈകിട്ട് മൂന്ന് മണിക്ക് ആറ്റിങ്ങൽ മണ്ഡലത്തിലെ നവകേരള സദസ് നടക്കും. വൈകിട്ട് 4.30ന് വെഞ്ഞാറമ്മൂട് മാണിക്കോട് ശിവക്ഷേത്രത്തിന് സമീപത്തെ മൈതാനത്ത് വാമനപുരം മണ്ഡലത്തിലെയും നഗരസഭ പാർക്കിങ് ഗ്രൗണ്ടിൽ വൈകിട്ട് ആറിന് നെടുമങ്ങാട് മണ്ഡലത്തിലെയും നവകേരള സദസ് നടക്കും.
നാളെ അരുവിക്കര, കാട്ടാക്കട, നെയ്യാറ്റിൻകര, പാറശാല മണ്ഡലങ്ങളിലും ശനിയാഴ്ച കോവളം, നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളിലും നവകേരള സദസ് നടക്കും. കാട്ടാക്കട തൂങ്ങാംപാറ കാളിദാസ കൺവെൻഷൻ സെന്‍ററിലാണ് നാളെ പ്രഭാത യോഗം നടക്കുന്നത്. ഇടപ്പഴിഞ്ഞി ആർ ഡി ആർ കൺവെൻഷൻ സെന്‍ററില്‍ ശനിയാഴ്ചത്തെ പ്രഭാതയോഗവും നടക്കും.
ശനിയാഴ്ചയാണ് സദസിന്‍റെ സമാപനം. വൈകിട്ട് ആറിന് വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളജിൽ വട്ടിയൂർക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളിലെ സംയുക്ത സദസ്സോടെയാണ് സമാപനം. അതേസമയം നവകേരള സദസ് സമാപിക്കാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ തലസ്ഥാനത്ത് പ്രതിഷേധങ്ങള്‍ ശക്തമാക്കുകയാണ് പ്രതിപക്ഷം.
Also Read: വെള്ള പെയിന്‍റില്‍ മുങ്ങിയെത്തി, പ്രതിഷേധം വേറെ ലെവല്‍: ഈ പഞ്ചായത്ത് മെമ്പർ പണ്ടേ വൈറലാണ്...
ഈ പഞ്ചായത്ത് അംഗത്തിന്‍റെ പ്രതിഷേധം വേറെ ലെവല്‍: അടിമുടി പ്രതിഷേധമാണ് കേരളത്തില്‍. സർക്കാരിന് എതിരായ പ്രതിഷേധം, ഗവർണർക്ക് എതിരായ പ്രതിഷേധം.അതില്‍ തന്നെ വെറൈറ്റി പ്രതിഷേധങ്ങളാണ് ഹൈലൈറ്റ്. കറുത്ത ഷർട്ട്, കറുത്ത ബലൂൺ. പ്രതിഷേധം കറുത്ത് ഹിറ്റാകുമ്പോൾ ദേ ഇവിടെയൊരാൾ വെളുപ്പാണ് പ്രതിഷേധമെന്ന് പറയുകയാണ്. സമരത്തിന്‍റെ രൂപം മാറും, ഭാവം മാറും എന്ന മുദ്രാവാക്യമൊക്കെ മാറുകയാണ്, കേരളത്തില്‍ സമരത്തിന്‍റെ നിറവും മാറുകയാണ്.
കൊല്ലം ജില്ലയിലെ തലവൂർ ഗ്രാമപഞ്ചായത്ത് അംഗം രഞ്ജിത്താണ് ശരീരം മുഴുവൻ വെള്ള പെയിന്‍റടിച്ച് പ്രതിഷേധിക്കാൻ എത്തിയത്. നവകേരള സദസിന്‍റെ ഭാഗമായി മുഖ്യമന്ത്രി പോകുന്ന വഴികളിലെല്ലാം കരിങ്കൊടി പ്രതിഷേധം നടക്കുമ്പോൾ ശരീരം മുഴുവൻ വെള്ള പെയിന്‍റടിച്ചാണ് രഞ്ജിത്ത് പ്രതിഷേധിച്ചത്. കൊട്ടാരക്കരയിൽ നിന്നും പത്തനാപുരത്തേക്കുള്ള വഴിയിൽ രണ്ടാലുംമൂട്ടിലാണ് സംഭവം. വിവരം അറിഞ്ഞ് കുന്നിക്കോട് പൊലീസ് സ്ഥലത്തെത്തി. ലേശം ബലം പ്രയോഗിക്കേണ്ടി വന്നെങ്കിലും രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തു.
ഇതാദ്യമായല്ല വെറൈറ്റി പ്രതിഷേധം കൊണ്ട് രഞ്ജിത്ത് ശ്രദ്ധേയനാകുന്നത്. സ്വന്തം വാർഡിലെ വൈദ്യുതി ബില്‍ അടയ്ക്കാൻ കെഎസ്ഇബി ഓഫീസില്‍ നാണയത്തുട്ടുകളുമായെത്തി ഉദ്യോഗസ്ഥർക്ക് പണി കൊടുത്ത് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ വാർഡ് മെമ്പറാണ് ഇദ്ദേഹം.