തിരുവനന്തപുരം : നിര്‍മാണം പൂര്‍ത്തിയായ, മെഡിക്കൽ കോളജ് മേൽപ്പാലത്തിന്‍റെ അപ്രോച്ച് റോഡ് ഇടിഞ്ഞുതാഴ്ന്നു. പാലം ആരംഭിക്കുന്ന ശ്രീചിത്രയുടെ ഭാഗത്താണ് റോഡ് തകര്‍ന്നത്. ഇതോടെ നിര്‍മാണ കമ്പനി മൂന്ന് മീറ്റർ ടാർ നീക്കി പുനര്‍ നിര്‍മാണം തുടങ്ങിയിട്ടുണ്ട്.
നിർമാണം പൂർത്തിയാക്കി ഉദ്ഘാടനത്തിന് തയാറായ പാലത്തിന്‍റെ അപ്രോച്ച് റോഡിനാണ് ഈ അവസ്ഥ. 13 കോടി ചെലവില്‍ മെഡിക്കൽ കോളജ് മാസ്റ്റർ പ്ലാനിന്‍റെ ഭാഗമായി നിർമിച്ചിരിക്കുന്ന 365 മീറ്റർ മേല്‍പ്പാലത്തിന്‍റെ ഭാവിയാണ് ഇതോടെ ചോദ്യചിഹ്നമായത്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻകൽ ലിമിറ്റഡ് എന്ന കമ്പനിക്കാണ് നിർമാണ ചുമതല.
റേ കൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡ് സബ് കോൺട്രാക്റ്റ് എടുത്താണ് മേൽപ്പാലവും അപ്രോച്ച് റോഡും നിർമിച്ചത്. അതേസമയം റോഡ് ഇടിഞ്ഞു താഴ്ന്നതല്ലെന്നാണ് അധികൃതരുടെ പ്രതികരണം. മഴക്കാലമായതിനാൽ മേൽപ്പാലത്തിന്‍റെ പ്രവേശന ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇത് ഒഴിവാക്കുന്നതിന് മെയിന്‍റനൻസ് പ്രവർത്തനങ്ങൾക്കായി ടാർ നീക്കം ചെയ്തു.
Also Read: കോഴിക്കോട് നിര്‍മാണത്തിലിരുന്ന പാലത്തിന്‍റെ ബീമുകള്‍ തകര്‍ന്നു
വെള്ളം ഒഴുകിപ്പോകുന്നതിന് റോഡിൽ സംവിധാനമൊരുക്കുന്ന പണികളാണ് നിലവിൽ നടക്കുന്നതെന്നുമാണ് കരാർ കമ്പനി അധികൃതർ നൽകുന്ന വിശദീകരണം. മെഡിക്കൽ കോളജ് ജംഗ്ഷനിലെ പി എം ആറിനും മെൻസ് ഹോസ്റ്റലിനും സമീപം മുതൽ ശ്രീചിത്ര ആശുപത്രിയുടെ മുൻവശം വരെ നീളുന്നതാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് മേൽപ്പാലം.
എസ് എ ടി ആശുപത്രി, നഴ്‌സിംഗ് കോളജ്, എസ് എസ് ബി, ശ്രീചിത്ര, ആർ സി സി, മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ തിരക്കിൽപ്പെടാതെ എത്താമെന്നതാണ് ഈ മേൽപ്പാലത്തിന്‍റെ ഗുണം. എന്നാൽ നിലവിലെ സംഭവത്തിന് പിന്നാലെ നിർമാണത്തിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണം ശക്തമാണ്. രണ്ടുമാസം മുമ്പ് നവീകരിച്ച് ജനങ്ങൾക്ക് തുറന്നുകൊടുത്ത ശംഖുമുഖം - വിമാനത്താവളം റോഡിന്‍റെ മധ്യഭാഗം ഇതേപോലെ ഇടിഞ്ഞുതാഴ്ന്നിരുന്നു.