തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ കണ്ട അതേ ആവേശത്തിലായിരുന്നു മേയർ തെരഞ്ഞെടുപ്പും. ഇടതുമുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷം ഉണ്ടെങ്കിലും മത്സര രംഗത്ത് നിന്ന് ആരും മാറിനിന്നില്ല. 100 കൗൺസിൽ 54 അംഗങ്ങളുമായി ഇടതു മുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്നെങ്കിലും വിട്ടു കൊടുക്കാൻ ബിജെപിയും യുഡിഎഫും തയ്യാറായില്ല. രണ്ട് പ്രതിപക്ഷ കക്ഷികളും സ്ഥാനാർഥികളെ നിർത്തിയതോടെ ആവേശകരമായിരുന്നു മേയർ തെരഞ്ഞെടുപ്പ്. വോട്ട് എണ്ണിയപ്പോൾ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ആര്യ 54 വോട്ടുമായി തിരുവനന്തപുരത്തിന്‍റെ നഗരമാതാവായി. ബിജെപി സ്ഥാനാർഥിയായ ജ്യോതിഷിന് 35 വോട്ടും യുഡിഎഫ് സ്ഥാനാർഥി മേരി പുഷ്‌പത്തിന് ഒമ്പത് വോട്ടും ലഭിച്ചു. സ്വതന്ത്ര സ്ഥാനാർഥികളായായി വിജയിച്ച കോട്ടപ്പുറം വാർഡിലെയും പനിയിടമയിലെയും ഹാർബർ വാർഡിലെയും അംഗങ്ങൾ ഇടത് മുന്നണിക്ക് വോട്ട് രേഖപ്പെടുത്തി. ഇടത് അംഗം ബാലറ്റ് പേപ്പറിന്‍റെ മറുപുറത്ത് പേരും ഒപ്പും രേഖപ്പെടുത്താത്തതിനാല്‍ വോട്ട് അസാധുവായി.
രാവിലെ 11 മണിക്കാണ് വരണാധികാരി തിരുവനന്തപുരം ജില്ലാ കലക്ടർ ഡോ. നവജ്യോത് ഖോസയുടെ നേതൃത്വത്തിൽ കോർപ്പറേഷനിൽ മേയർ തെരഞ്ഞെടുപ്പിനുള്ള നടപടികൾ ആരംഭിച്ചത്. 99 അംഗങ്ങൾ കൗൺസിൽ യോഗത്തിൽ പങ്കെടുത്തു. മുല്ലൂർ വാർഡിലെ യുഡിഎഫ് അംഗമായിരുന്ന സി ഓമന കൗൺസിൽ യോഗത്തിൽ പങ്കെടുത്തില്ല. മൂന്ന് മുന്നണി സ്ഥാനാർഥികളും മേയർ സ്ഥാനത്തേക്ക് മത്സരിച്ചു. ഇടതുമുന്നണി സ്ഥാനാർഥിയായി ആര്യ രാജേന്ദ്രനെ മെഡിക്കൽ കോളജ് വാർഡ് കൗൺസിലർ ഡി. ആർ. അനിൽ കുമാറാണ് നിർദേശിച്ചത്. ബിജെപി സ്ഥാനാർഥിയായി ചാല വാർഡ് കൗൺസിലർ സിവി ജ്യോതിഷിനെ ജഗതി കൗൺസിലർ ഷീജ മധുവും കുന്നുകുഴി വാർഡ് കൗൺസിലർ മേരി പുഷ്പത്തിനെ പെരുന്താന്നി കൗൺസിലർ പത്മകുമാർ യുഡിഎഫ് സ്ഥാനാർഥിയായും നിർദേശിച്ചു. ഇതിനുശേഷമാണ് തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചത്.
വാർഡ് നമ്പർ അടിസ്ഥാനത്തിലായിരുന്നു വോട്ടെടുപ്പ്. അപകടത്തെ തുടർന്ന് വീൽചെയറിൽ കൗൺസിൽ യോഗത്തിന് എത്തിയ കിണാവൂർ കൗൺസിലർ സുരകുമാരിക്ക് വോട്ട് രേഖപ്പെടുത്താനായി ബാലറ്റ് ബോക്സ് അവര്‍ക്കടുത്തേക്ക് എത്തിച്ചു. കൊവിഡ് നെഗറ്റീവായ ശേഷം നിരീക്ഷണത്തിൽ കഴിയുന്ന കുടപ്പനക്കുന്ന് കൗൺസിലർ എസ് ജയചന്ദ്രൻ നായർക്ക് അവസാനം വോട്ട് രേഖപ്പെടുത്താൻ അവസരം നൽകി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എം.എൽ.എ വി.കെ.പ്രശാന്ത്, മുൻ മേയർമാരായ ജയൻ ബാബു, കെ ശ്രീകുമാർ, വി.ശിവൻകുട്ടി, പ്രൊഫ. ചന്ദ്ര തുടങ്ങി നിരവധി നേതാക്കൾ ആര്യക്ക് ആശംസകൾ അർപ്പിച്ചു.