തിരുവനന്തപുരം: ലോക്ക് ഡൗൺ യാത്രാ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പെട്രോളിയം ഉല്‍പന്നങ്ങളുടെ വിൽപന കൂപ്പുകുത്തി. പലയിടത്തും പെട്രോൾ, ഡീസൽ വിൽപന പത്തിലൊന്നായി കുറഞ്ഞു. നിലനിൽപ്പ് പ്രതിസന്ധിയിലായതോടെ മൊറട്ടോറിയം നീട്ടുന്നതടക്കം ഇളവുകൾ ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് പമ്പുടമകൾ. ലോക്ക് ഡൗണിന് ശേഷം സംസ്ഥാനത്തെ പെട്രോൾ വിൽപന 40 ശതമാനമായാണ് കുറഞ്ഞത്. ഡീസൽ വിൽപന 20 ശതമാനമായും കുറഞ്ഞു. നഗരങ്ങളിൽ പ്രതിദിനം ശരാശരി 10,000 ലിറ്റർ വിൽപന നടന്ന പമ്പുകളിൽ ലോക്ക് ഡൗണിന് ശേഷം അത് ആയിരം ലിറ്ററിലും താഴെയായി.
കൊവിഡ് ഹോട്ട്‌സ്പോട്ടുകളൊഴികെയുളള മേഖലകളിൽ യാത്രാ നിരോധനത്തിൽ ഇളവുകൾ വന്നതോടെ സ്ഥിതി മെച്ചപ്പെടുന്നുണ്ട്. എന്നാൽ ഈ നിലയിൽ മുന്നോട്ടുപോകാനാവില്ലെന്നാണ് പമ്പുടമകൾ പറയുന്നത്. നാലായിരത്തോളം പമ്പുകളാണ് സംസ്ഥാനത്തുള്ളത്. സർക്കാരും പെട്രോളിയം കമ്പനികളും അനുകൂല നിലപാടുകളെടുത്തില്ലെങ്കിൽ പമ്പുടമകൾ കടുത്ത പ്രതിസന്ധി നേരിടേണ്ടി വരും.