തിരുവനന്തപുരം: ജില്ലയിലെ തമിഴ്‌നാട് അതിർത്തിയോട് ചേർന്ന ഗ്രാമങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. പാറശ്ശാല ചെങ്കൽ ഗ്രാമപഞ്ചായത്തിൽ മാത്രം ബുധനാഴ്‌ച മാത്രം 15 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ 69 പേരാണ് നിലവിൽ ഇവിടെ കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. കൊവിഡ് ബാധിച്ച് 34 പേരാണ് ചെങ്കൽ ഗ്രാമ പഞ്ചായത്തിൽ മരിച്ചത്. അതിർത്തി ഗ്രാമങ്ങളിൽ വാക്‌സിനേഷൻ ഏറെക്കുറെ പൂർണമായും നിലച്ച അവസ്ഥയാണ്. വാക്‌സിൻ ലഭിക്കുന്ന മുറക്ക് മാത്രമേ നൽകാൻ കഴിയു എന്നാണ് അധികൃതരുടെ നിലപാട്.
അതിനിടെ കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ പത്തോളം ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇരുപതോളം പേർ നിരീക്ഷണത്തിലും ചികിത്സയിലും ഉണ്ട്. ജീവനക്കാർക്ക് കൊവിഡ് ബാധിച്ചതോടെ ഇവിടെ നിന്നുള്ള കെഎസ്‌ആർടിസി സർവീസുകളും പ്രതിസന്ധിയിലാണ്. പകുതിയോളം ബസുകൾ മാത്രമാണ് ഡിപ്പോയിൽ നിന്ന് സർവീസ് നടത്തുന്നത്. സർവീസുകൾ ഇനിയും വെട്ടിക്കുറക്കാൻ സാധ്യതയുണ്ട്. ബുധനാഴ്‌ച മാത്രം ജില്ലയിൽ 2283 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.