തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ കത്ത് വിവാദത്തിൽ പ്രതിഷേധം നഗരസഭയുടെ ഓഫിസിന് പുറത്തേക്കും വ്യാപിപ്പിക്കാൻ ബിജെപി. നാളെ(നവംബര്‍ 9) മുതൽ തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ വ്യാപകമായി ബിജെപി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. പൊതുജനങ്ങളെ കൂട്ടി നഗരസഭയിലെ തട്ടിപ്പുകൾ പുറത്തുകൊണ്ടുവരുന്നതിനാണ് ബിജെപിയുടെ ശ്രമമെന്ന് ജില്ല പ്രസിഡന്‍റ് വി.വി രാജേഷ് പറഞ്ഞു.
ഇന്ന് മുഴുവൻ വാർഡുകളിലും പന്തം കൊളുത്തി പ്രകടനം നടത്തും. നാളെ മഹിള മോർച്ചയുടെ നേതൃത്വത്തിലും തുടർ ദിവസങ്ങളിൽ യുവമോർച്ചയുടെ നേതൃത്വത്തിലും നഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധം നടത്തും. മേയർ രാജിവയ്‌ക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും വി.വി രാജേഷ് പറഞ്ഞു.