തിരുവനന്തപുരം: നിർമാണ പ്രവർത്തനങ്ങൾ അനിശ്ചിതമായി വൈകുന്നത് തടയാൻ മോണിറ്ററിങ് സംവിധാനവുമായി തിരുവനന്തപുരം നഗരസഭ. പതിനാലാം പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തിയ നഗരസഭയുടെ രണ്ടാം വാർഷിക പദ്ധതിയുടെ ഭാഗമായാണ് പുതിയ നടപടി നിലവില്‍ വരുന്നത്. നഗരസഭയുടെ അമൃത്, സ്‌മാർട്ട് സിറ്റി എന്നിവയില്‍ ഉൾപ്പെടുത്തിയ വൻകിട പദ്ധതികളായ കുന്നുകുഴി ആധുനിക അറവുശാല, മെഡിക്കൽ കോളജ് മൾട്ടി ലെവൽ കാർ പാർക്കിങ് ഉൾപ്പെടെയുള്ള പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ ദീർഘാനാളായി മന്ദഗതിയില്‍ ആണ് പുരോഗമിക്കുന്നത്.
സ്‌മാര്‍ട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയ റോഡ് പണികളും ഇഴഞ്ഞു നീങ്ങുന്ന അവസ്ഥയാണ് നിലവില്‍. ഈ സാഹചര്യം കണക്കിലെടുത്താണ് പദ്ധതി വിലയിരുത്താൻ പുതിയ സംവിധാനം ഒരുങ്ങുന്നത്. പദ്ധതികളുടെ നടത്തിപ്പ് വൈകുന്ന കാര്യം അതാത് വാർഡ് കൗൺസിലർമാർക്ക് നഗരസഭ കൗൺസിലിൽ ചൂണ്ടിക്കാട്ടാനാകും എന്നത് മാത്രമാണ് നിലവിലെ സ്ഥിതി.
എന്നാൽ സ്റ്റാന്‍റിങ് കമ്മിറ്റി തലത്തിൽ നിന്ന് ആരംഭിക്കുന്ന നടപടികൾക്ക് കാലതാമസം ഉണ്ടാകുന്നുണ്ട്. വാർഡ് തല മോണിറ്ററിങ് സമിതി, വിഷയ ഗ്രൂപ്പിന്‍റെ സബ് ഗ്രൂപ്പ് മോണിറ്ററിങ് സമിതി, വിഷയ ഗ്രൂപ്പ് മോണിറ്ററിങ് സമിതി, കോർപറേഷൻ മോണിറ്ററിങ് സമിതി, കോർപറേഷൻ ആസൂത്രണ സമിതി, കോർപറേഷൻ കൗൺസിൽ എന്ന ക്രമത്തിലാകും പദ്ധതികൾ വിലയിരുത്താനുള്ള സംവിധാനം വരിക.
എസ് സി മേഖലലയിലും നിരീക്ഷണം: എസ് സി മേഖലയിൽ ഉൾപ്പെടുത്തിയിട്ടുള്ള പദ്ധതികളുടെ വിലയിരുത്തലിനായി എസ് സി പി നിരീക്ഷണ കമ്മിറ്റികളും രൂപീകരിക്കും. ഇതിൽ പദ്ധതിയുടെ നിർമാണം നടക്കുന്ന വാർഡിലെ കൗൺസിലർ ചെയർമാനായ വാർഡ് തല മോണിറ്ററിങ് സമിതി നഗരസഭ സെക്രട്ടറിക്ക് നേരിട്ട് വേണം റിപ്പോർട്ട് സമർപ്പിക്കേണ്ടത്. അതാത് വകുപ്പുകളുടെ വർക്കിങ് ഗ്രൂപ്പ് ചെയർമാൻ അധ്യക്ഷനായ വിഷയ ഗ്രൂപ്പ് മോണിറ്ററിങ് സമിതിക്കാണ് പദ്ധതികളുടെ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാനുള്ള ചുമതല.
നാലാം പ്രവൃത്തി ദിനം റിപ്പോര്‍ട്ട്: എല്ല മാസവും മൂന്നാമത്തെ പ്രവൃത്തി ദിനം വിഷയ ഗ്രൂപ്പ് മോണിറ്ററിങ് നടത്തിയ ശേഷം നാലാമത്തെ പ്രവൃത്തി ദിവസം റിപ്പോർട്ട് കോ- ഓർഡിനേറ്റർക്ക് സമർപ്പിക്കണം. ഈ റിപ്പോർട്ട് മേയർ ചെയർമാനായ കോർപറേഷൻ തല മോണിറ്ററിങ് സമിതി വിലയിരുത്തും. തുടർന്ന് പദ്ധതിയുടെ പുരോഗതി സംബന്ധിച്ച് കൗൺസിലിൽ സമർപ്പിക്കേണ്ട റിപ്പോർട്ട് കോർപറേഷൻ തല മോണിറ്ററിങ് സമിതി തയ്യാറാക്കണം.
ആസൂത്രണ സമിതിക്ക് ചുമതല: എല്ല മോണിറ്ററിങ് സമിതികളുടെയും റിപ്പോർട്ടുകൾ പരിശോധിക്കാനുള്ള ചുമതല കോർപറേഷൻ ആസൂത്രണ സമിതിക്കാണ്. ആസൂത്രണ സമിതിയുടെ ചെയർമാൻ സ്ഥാനവും മേയറായിരിക്കും വഹിക്കുക. കൂടാതെ എസ് സി മേഖലയിൽ ഉൾപ്പെടുത്തിയ പദ്ധതികൾ വിലയിരുത്താൻ ഷെഡ്യുൾ കാസറ്റ് പ്രൊജക്‌ട്‌സ് നിരീക്ഷണ കമ്മിറ്റിയും രൂപീകരിക്കും. മോണിറ്ററിങ് സമിതികളിൽ വാർഡ് തല, വിഷയ ഗ്രൂപ്പ് മോണിറ്ററിങ് സമിതികളിൽ പൊതുജനങ്ങളെയും സന്നദ്ധ പ്രവർത്തകരെയും ഉൾപ്പെടുത്തും.
Also Read: കരയ്‌ക്കെത്തിക്കാന്‍ തൊഴിലാളികളില്ല, കൊയ്‌ത നെല്ല് അത്രയും പാടത്ത്; കര്‍ഷകര്‍ പ്രതിസന്ധിയില്‍