തിരുവനന്തപുരം : നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് സിപിഎം സ്ഥാനാർഥിയായി മേടയിൽ വിക്രമൻ മത്സരിക്കും. ഡി ആര്‍ അനില്‍ രാജിവച്ച ഒഴിവിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലേക്കാണ് മേടയില്‍ വിക്രമനെ മത്സരിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചത്. 12 അംഗങ്ങളുള്ള പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റിയിൽ എൽഡിഎഫിന് 7 അംഗങ്ങളുണ്ട്.
എം പത്മകുമാർ മാത്രമാണ് സ്റ്റാൻഡിങ് കമ്മിറ്റിയിലെ ഏക യുഡിഎഫ് അംഗം. നാല് അംഗങ്ങളുള്ള ബിജെപിയുടെ സ്ഥാനാർഥിയെ ഇന്ന് ഉച്ചയോടെ തീരുമാനിക്കും.
പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്‍ സ്ഥാനം ഡി ആര്‍ അനില്‍ രാജിവച്ചതിന് പിന്നാലെയാണ് നിയമന കത്ത് വിവാദത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തിരുവനന്തപുരം നഗരസഭയ്‌ക്ക് മുന്നില്‍ നടത്തി വന്ന സമരം അവസാനിപ്പിച്ചത്. തദ്ദേശഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് വിളിച്ചുചേർത്ത യോഗത്തിൽ ആയിരുന്നു സമരം ഒത്തുതീർപ്പാക്കാൻ ധാരണയായത്. കത്തിന്‍റെ ഉറവിടം കണ്ടെത്താനായി ആരോപണം നേരിടുന്നവരുടെ ഹാർഡ് ഡിസ്‌കുകളും മൊബൈൽ ഫോണുകളും ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരികയാണ്.
വിഷയത്തിൽ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സി ജയൻ ബാബു, ഡികെ മുരളി, ആർ രാമു എന്നിവരാണ് അന്വേഷണ സംഘത്തില്‍.