തിരുവനന്തപുരം: പൂവാറിലെ ചകിരിയാർ നവീകരണ പദ്ധതി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഹരിത കേരളാ മിഷനെ വീണ്ടും സമീപിക്കുമെന്ന് ഗ്രാമപഞ്ചായത്ത്. ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായി ടൂറിസം വകുപ്പിനെയും സമീപിക്കും. ചരിത്ര പ്രാധാന്യമുള്ള എവിഎം കനാലിന്‍റെ ഭാഗമായ പൂവാറിലെ ചകിരിയാർ മലിനമായത് സംബന്ധിച്ച് ഇടിവി ഭാരത് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഈ വാർത്തയെ തുടർന്നാണ് പഞ്ചായത്തിന്‍റെ ഇടപെടൽ.
ചകിരിയാര്‍ നവീകരിക്കണം എന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്തിന് നൽകിയ വിശദമായ പദ്ധതി അംഗീകരിച്ചില്ലെന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജിസ്‌തി മൊയ്‌തീൻ പിള്ള ഇടിവി ഭാരതിനോട് പറഞ്ഞു. ചകിരിയാർ ശുചീകരണത്തിന് തൊഴിലുറപ്പ് പദ്ധതി മാത്രമാണ് ഉൾപ്പെടുത്തിയത്. തൊഴിലുറപ്പ് പദ്ധതിയിലൂടെ ശുചീകരണം പ്രായോഗികമല്ലെന്ന് അറിയിച്ചെങ്കിലും ജില്ലാ പഞ്ചായത്ത് ഇക്കാര്യം പരിഗണിച്ചില്ല. ടൂറിസം മേഖലയെന്ന നിലയിൽ ചകിരിയാറിന് വൻ സാധ്യതയാണുള്ളത്.
ഇനിയുമൊഴുകണം; ശാപമോക്ഷം കൊതിച്ച് ചകിരിയാര്‍
ഇത് കണക്കിലെടുത്താണ് വിശദമായ പദ്ധതിയുമായി ടൂറിസം വകുപ്പിനെ സമീപിക്കാൻ തീരുമാനിച്ചത്. ജലസേചന വകുപ്പിന്‍റെ കൂടി ശക്തമായ ഇടപെടലിലൂടെ മാത്രമേ ചകിരിയാറിന്‍റെ പൂർവസ്ഥിതി വീണ്ടെടുത്ത് മാലിന്യമുക്തമാക്കാൻ കഴിയൂ. ഇത് സംബന്ധിച്ച ഇടപെടലുകൾ തുടരുമെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അറിയിച്ചു.