തിരുവനന്തപുരം : തിരുവനന്തപുരം ആര്‍ഡിഒ കോടതി ലോക്കറില്‍ നിന്ന് തൊണ്ടി മുതലുകള്‍ നഷ്‌ടപ്പെട്ടു. ലോക്കറില്‍ സൂക്ഷിച്ചിരുന്ന 50 പവന്‍ സ്വര്‍ണമാണ് കാണാതായത്. ജില്ല കലക്‌ടറുടെ ഓഫിസ് അടക്കം പ്രവര്‍ത്തിക്കുന്ന കുടപ്പനക്കുന്ന് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ഡിഒ കോടതിയില്‍ നിന്നാണ് തൊണ്ടി മുതലുകളായ സ്വര്‍ണം നഷ്‌ടമായിരിക്കുന്നത്.
സ്വര്‍ണാഭരണങ്ങള്‍ക്ക് പുറമെ 120 ഗ്രാം വെള്ളിയും 45000 രൂപയും നഷ്‌ടപ്പെട്ടിട്ടുണ്ട്. ആത്മഹത്യ പോലുള്ള സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ മൃതദേഹങ്ങളില്‍ നിന്ന് ലഭിക്കുന്ന ആഭരണങ്ങളും പണവുമാണ് ഇവിടെ സൂക്ഷിക്കുന്നത്. ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പൊലീസാണ് ആര്‍ഡിഒ കോടതിയില്‍ ആഭരണങ്ങള്‍ കൈമാറുന്നത്.
അവകാശികള്‍ എത്തുമ്പോള്‍ ഇവ തിരികെ നല്‍കാറാണ് പതിവ്. ഇത്തരത്തില്‍ മുരുക്കുംപുഴ സ്വദേശിയുടെ ആഭരണങ്ങള്‍ ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചപ്പോഴാണ് ആഭരണങ്ങളും പണവും നഷ്‌ടമായത് അറിയുന്നത്. സിവില്‍സ്റ്റേഷനിലെ ഒന്നാം നിലയിലാണ് ആര്‍ഡിഒ കോടതി.
ഇവിടെ ലോക്കറിലാണ് ആഭരണങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. ഇതിന് ഒരു താക്കോല്‍ മാത്രമാണുളളത്. ലോക്കര്‍ തകര്‍ത്തിട്ടില്ലാത്തതിനാല്‍ ഉദ്യോഗസ്ഥരുടെ അറിവോടെ മോഷണം നടന്നുവെന്നാണ് നിലവിലെ നിഗമനം.
Also read: കോഴിക്കോട് പൊലീസ് ചമഞ്ഞ് 10 ലക്ഷം തട്ടി ; സംഘത്തിലെ ഒരാള്‍ പിടിയില്‍
ലോക്കറിന്‍റെ താക്കോല്‍ സീനിയര്‍ സൂപ്രണ്ടാണ് സൂക്ഷിച്ചിരുന്നത്. 2010 മുതല്‍ 2019 വരെ ഇവിടെ 26 പേരാണ് ഈ തസ്‌തികയില്‍ ജോലി ചെയ്‌തിട്ടുളളത്. ഇവരെയെല്ലാം ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. കലക്‌ടര്‍ നവജ്യോത് ഖോസയുടെ നിര്‍ദേശ പ്രകാരം സബ്‌കലക്‌ടര്‍ മാധവിക്കുട്ടിയാണ് മോഷണം സംബന്ധിച്ച് പരാതി നല്‍കിയിരിക്കുന്നത്.
ഇതുകൂടാതെ ആഭ്യന്തര അന്വേഷണത്തിനായി ഉദ്യോഗസ്ഥ സംഘത്തേയും കലക്‌ടര്‍ നിയോഗിച്ചിട്ടുണ്ട്.