തിരുവനന്തപുരം : തിരുവനന്തപുരം ആര്‍ഡിഒ കോടതിയില്‍ നിന്നും തൊണ്ടിമുതലായി കിട്ടിയ സ്വര്‍ണവും പണവും കവര്‍ന്നത് മുന്‍ സീനിയര്‍ സൂപ്രണ്ടെന്ന് നിഗമനം. വിരമിച്ച ഉദ്യോഗസ്ഥന്‍ പൊലീസ് നിരീക്ഷണത്തിലാണ്. തിരുവനന്തപുരം ആര്‍ഡിഒ കോടതിയിലെ തൊണ്ടിമുതലായ സ്വര്‍ണവും വെള്ളിയും പണവും കവര്‍ന്ന കേസിലാണ് മുന്‍ സീനിയര്‍ സൂപ്രണ്ടിനെ പൊലീസ് സംശയിക്കുന്നത്.
2020-21 കാലയളവിലെ സൂപ്രണ്ടാണ് പൊലീസ് നിരീക്ഷണത്തില്‍ ഉള്ളത്. ഇയാളെ സംശയിക്കുന്നതായും ചോദ്യം ചെയ്യണമെന്നും ആവശ്യപ്പെട്ട് സബ് കലക്‌ടർ എം.എസ് മാധവിക്കുട്ടി കലക്‌ടര്‍ക്കും പേരൂര്‍ക്കട പൊലീസിനും കത്ത് നല്‍കി. പൊലീസിന്‍റെ അന്വേഷണത്തിലും ഇയാളാണ് പ്രതിയെന്ന് ഏതാണ്ട് ഉറപ്പിച്ചതായാണ് വിവരം.
വിരമിച്ച ഈ ഉദ്യോഗസ്ഥന്‍ നല്‍കിയ ഫയലുകളില്‍ പൊരുത്തക്കേടും കണ്ടെത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘം വിലയിരുത്തി. കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച ശേഷം ഇയാളെ ചോദ്യം ചെയ്യാനാണ് നീക്കം.
READ MORE:തിരുവനന്തപുരം ആര്‍ഡിഒ കോടതിയിൽ മോഷണം ; 50 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു
ആര്‍ഡിഒ കോടതിയിലെ ലോക്കറില്‍ പുറത്തുനിന്നുള്ളവരുടെ മോഷണം നടക്കാനുള്ള സാധ്യതയില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ പൊലീസിന് ബോധ്യപ്പെട്ടിരുന്നു. മോഷണം നടന്ന കാലയളവിലെ ഏഴ് ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം പുരോഗമിച്ചത്. ഇതില്‍ രണ്ട് പേര്‍ വിരമിച്ചവരും ബാക്കിയുള്ളവര്‍ സര്‍വീസില്‍ തുടരുന്നവരുമാണ്.
2010 മുതല്‍ 2020 വരെയുള്ള കാലയളവിലെ തൊണ്ടിമുതലുകളാണ് ആര്‍ഡിഒ കോടതിയില്‍ നിന്നും നഷ്‌ടപ്പെട്ടിരുന്നത്. ചില ആഭരണങ്ങള്‍ മാറ്റി മുക്കുപണ്ടം വച്ചതായും കണ്ടെത്തിയിട്ടുണ്ട്.