തിരുവനന്തപുരം: സംസ്ഥാന സർക്കാർ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചതോടെ ഇന്ന് മുതൽ (01.03.2022) തിയേറ്ററുകളിൽ 100 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് പ്രദർശനം നടക്കും. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ 2 വർഷത്തോളമായി തിയേറ്ററുകൾ 50% ആളുകളെ ഉൾപ്പെടുത്തിയാണ് പ്രവർത്തിച്ചിരുന്നത്. ദീർഘകാലം അടച്ചിടേണ്ട അവസ്ഥയുമുണ്ടായിരുന്നു.
"മലയാള സിനിമ കണ്ട ഏറ്റവും വലിയ പ്രതിസന്ധിയാണുണ്ടായത്. ആ നഷ്‌ടങ്ങൾ ഇതുവരെ നികത്താനായിട്ടില്ല. തിയേറ്ററുകളിൽ 100 ശതമാനം ആളുകളെയും അനുവദിക്കണമെന്ന് ദീർഘകാലമായി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നിലവിൽ ഈ ആവശ്യം യാഥാർഥ്യമാകുമ്പോൾ വളരെയധികം സന്തോഷമുണ്ട്." ശ്രീപത്മനാഭ തിയേറ്റർ ഉടമ ഗിരീഷ് ചന്ദ്രൻ പറഞ്ഞു.
മമ്മൂട്ടി നായകനാകുന്ന ഭീഷ്‌മപർവം, ടൊവിനോ തോമസ് നായകനാകുന്ന നാരദൻ തുടങ്ങി നിരവധി സൂപ്പർ താര ചിത്രങ്ങൾ റിലീസ് കാത്തിരിക്കുന്നതിനാൽ ശുഭപ്രതീക്ഷയിലാണ് തിയേറ്റർ ഉടമകളും. കൊവിഡ് പ്രതിസന്ധിക്ക് പിന്നാലെ തിയേറ്ററുകൾ അടച്ചു പൂട്ടേണ്ടി വന്നതോടെ ഭീമമായ നഷ്‌ടമാണ് തിയേറ്റർ ഉടമകൾക്ക് നേരിടേണ്ടി വന്നത്. ജീവനക്കാരുടെ ജീവിതവും ഇതോടെ പ്രതിസന്ധിയിലായി.
സൂപ്പർ താര ചിത്രങ്ങളിലൂടെ ഈ നഷ്‌ടങ്ങൾ നികത്താനുള്ള തയാറെടുപ്പിലാണ് തിയേറ്റർ ഉടമകൾ. ഇനിയൊരു അടച്ചുപൂട്ടലിനോ നിയന്ത്രണത്തിനോ സാഹചര്യമുണ്ടാകരുതെന്ന പ്രാർഥനയിലാണിവർ.