തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂരിൽ ആളില്ലാത്ത വീട് കുത്തിതുറന്ന് 40 പവനും ഒന്നര ലക്ഷം രൂപയും കവർന്നു. വെങ്ങാനൂർ സ്വദേശി ശശിധരൻ നായരുടെ ഋഷികേശ് എന്ന വീട്ടിലാണ് മോഷണം നടന്നത്. പൂങ്കുളത്തെ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യ ശ്യാമളാമ്മക്ക് ഒപ്പമായിരുന്നു ശശിധരൻ. കഴിഞ്ഞ ദിവസം ഇവരുടെ ബന്ധുവായ രാഹുല്‍ എന്ന യുവാവ് ബൈക്കിന്‍റെ താക്കോല്‍ എടുക്കാനായി വീട്ടിലെത്തിയപ്പോഴാണ് വാതില്‍ പൊളിച്ചതായി കണ്ടത്. ഇയാള്‍ ഉടൻ തന്നെ ശശിധരനെയും വിഴിഞ്ഞം പൊലീസിനെയും വിവരം അറിയിച്ചു.
രണ്ടു മുറികളിലെ വാതിലുള്‍ തകർക്കുകയും വസ്തുക്കളെല്ലാം വലിച്ചു വാരിയിടുകയും ചെയ്തിരുന്നു. പൂജാമുറിയും കുത്തി തുറന്ന നിലയിലായിരുന്നു. വാതില്‍ ചേര്‍ത്ത് അടച്ചിരുന്നതിനാല്‍ പുറമെ നിന്നു നോക്കിയാൽ മോഷണം നടന്നതായി അറിയില്ല. എന്നാൽ ബലം പ്രയോഗിച്ച് തുറന്നതിനാൽ വാതിലും പൂട്ടുമായുള്ള ബന്ധം വേർപ്പെട്ടു. ശശിധരൻ നായർ ചാലയിൽ പഴക്കച്ചവടം നടത്തുന്നയാളാണ്. ശ്യാമള റിട്ട. റെയിൽവേ ജീവനക്കാരിയാണ്. വിഴിഞ്ഞം പൊലീസ് സ്ഥലത്തെത്തി മുറികൾ സീൽ ചെയ്തു. ഫിംഗർപ്രിന്റ് ഉൾപ്പെടെയുള്ള തെളിവുകള്‍ അന്വേഷണ സംഘം ഇന്ന് സ്ഥലത്തെത്തി ശേഖരിക്കും. അതിന് ശേഷമേ മറ്റെന്തെങ്കിലും നഷ്ട്ടപ്പെട്ടിട്ടുണ്ടോയെന്ന് അറിയാൻ കഴിയൂവെന്ന് വിഴിഞ്ഞം എസ് ഐ സജി അറിയിച്ചു.