മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് അല്ലു അര്‍ജുന്‍ നായകനാകുന്ന പുഷ്‌പ 2 ദി റൂള്‍ റിലീസിനൊരുങ്ങുന്നത്. ഡിസംബര്‍ അഞ്ചിന് ലോകമെമ്പാടുമുള്ള 11,500 തിയേറ്ററുകളില്‍ ബ്രഹ്മാണ്ഡ റിലീസായാണ് ചിത്രം എത്തുന്നത്. ചിത്രത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലര്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ റിലീസിനോടനുബന്ധിച്ച് ഒരു അഭ്യര്‍ത്ഥനയുമായി എത്തിയിരിക്കുകയാണ് സൗണ്ട് ഡിസൈനറായ റസൂല്‍ പൂക്കുട്ടി. അടുത്തിടെ പുറത്തിറങ്ങിയ സൂര്യ നായകനായ കങ്കുവയ്ക്ക് കേള്‍ക്കേണ്ടി വന്ന വിമര്‍ശനത്തിന്‍റെ പശ്ചാത്തലത്തിലാണ് റസൂല്‍ പുക്കുട്ടി അഭ്യര്‍ത്ഥനയുമായി രംഗത്ത് എത്തിയിരിക്കുന്നത്.
ശബ്‌ദത്തിന്‍റെ പേരില്‍ ഒട്ടേറെ വിമര്‍ശനങ്ങളാണ് കങ്കുവ സിനിമയ്ക്ക് നേരിടേണ്ടി വന്നത്. തുടര്‍ന്ന് നിര്‍മാതാവ് ഇടപ്പെട്ട് കഴിഞ്ഞ ദിവസം മുതല്‍ ശബ്ദം കുറച്ച പ്രിന്‍റ് തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുഷ്‌പ2 വിനെ കുറിച്ച് റസൂല്‍ പൂക്കുട്ടിയുടെ വെളിപ്പെടുത്തല്‍.
പുഷ്‌പ2വിന്‍റെ ട്രെയിലര്‍ ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ചലച്ചിത്ര പ്രേമികളോടും ആരാധകരോടും ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു. സ്‌റ്റാന്‍ഡേര്‍ഡ് ഡോള്‍ബി ലെവല്‍ 7 ലാണ് പുഷ്‌പ മിക്‌സിങ് നടത്തിയിരിക്കുന്നത്. എല്ലാ തിയേറ്ററുകാരും സ്‌പീക്കറുകളെല്ലാം ഒന്ന് അഡ്‌ജസ്റ്റ് ചെയ്‌ത് വയ്ക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. എക്‌സിലൂടെയാണ് റസൂല്‍ പൂക്കുട്ടി ഇക്കാര്യം വ്യക്തമാക്കിയത്. ഓഡിയോഗ്രാഫര്‍ എം ആര്‍ രാജകൃഷ്‌ണന്‍, സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദ് എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം കുറിപ്പിനോടൊപ്പം പങ്കുവച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
As #pushpa2therule Trailer rolls out today, its been quite hectic in many levels. I want to say to all film lovers& fans that #Pushpa2 shall be mixed at standard Dolby Level 7. I request all theaters2 tune Amps and Speakers well in time @MythriOfficial @alluarjun @PushpaMovie pic.twitter.com/qe368rsozm
— resul pookutty (@resulp) November 17, 2024
ആദ്യ ഭാഗത്തിനേക്കാള്‍ കൂടുതല്‍ പുഷ്‌പയുടെ രണ്ടാം ഭാഗത്തില്‍ മാസ് വില്ലനായി ഫഹദ് ഫാസില്‍ കത്തിക്കയറുമെന്ന് ഉറപ്പു നല്‍കുന്നതാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലര്‍ സൂചിപ്പിക്കുന്നത്. അല്ലുവും ഫഹദും തമ്മിലുള്ള മാസ് രംഗങ്ങളായിരിക്കും പുഷ്‌പ2വില്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്ന്.
എന്നാല്‍ തെലുങ്കാനയുടെ മണ്ണില്‍ നിന്ന് പുഷ്‌പരാജിനെ കേരളത്തിലെത്തിക്കുന്നത് ഇ ഫോര്‍ എന്‍റര്‍ടൈന്‍മെന്‍റ്സ് ആണ്. കേരളക്കരയിലെ തിയേറ്ററുകളിൽ 24 മണിക്കൂറും പ്രദർശനമുണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് സാരഥി മുകേഷ് ആർ മേത്ത.
തിയേറ്ററുകള്‍ തോറും ഇതുവരെ കാണാത്ത വിധത്തിലുള്ള ഗംഭീരമായ റിലീസിങ് മാമാങ്കത്തിനാണ് നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സും സുകുമാർ റൈറ്റിംഗ്‌സും പദ്ധതിയിടുന്നത്.
ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്. രണ്ടാം ഭാഗത്തിൽ എന്തൊക്കെ ട്വിസ്റ്റും ടേണും സംഭവിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
Also Read:'പുഷ്‌പ-1 വെറും ട്രെയിലര്‍; ശരിക്കുമുള്ള ഫഹദ് ഷോ പുഷ്‌പ-2ൽ'; നസ്രിയ