തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിന്‍റെയും താന്തോന്നിത്തരത്തിന്‍റെയും ബലിയാടാണ് ആത്മഹത്യ ചെയ്ത ദേവികയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഓൺലൈൻ ക്ലാസിൽ 30 ശതമാനം വിദ്യാർഥികൾക്കും പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ല. വിദ്യാഭ്യാസം ഭരണഘടനാ അവകാശമാക്കിയ നാട്ടിലാണ് പഠനം മുടങ്ങുമെന്ന ആശങ്കയിൽ ഒരു വിദ്യാർഥി ആത്മഹത്യ ചെയ്തത്. ഇത് നാണക്കേടാണ്. 2.6 ലക്ഷം പേർക്ക് ഓൺലൈൻ വിദ്യാഭ്യാസം സാധ്യമല്ലെന്ന കണക്കുണ്ടായിട്ടും സർക്കാർ ഒന്നും ചെയ്തില്ല.
ആഢംബരത്തിനം ധൂർത്തിനും കോടികൾ പൊടിക്കുന്ന സർക്കാർ ജനക്ഷേമ പ്രവർത്തനങ്ങൾക്കായി ഒരു രൂപ പോലും ചെലവാക്കുന്നില്ലെന്നത് തെളിയിക്കുന്ന സംഭവമാണിതെന്നും മുല്ലപ്പള്ളി ആരോപിച്ചു. എല്ലാ വിദ്യാർഥികൾക്കും ക്ലാസുകൾ കാണാനുള്ള മുന്നൊരുക്കങ്ങൾ സർക്കാർ ഒരുക്കിയില്ലെങ്കിൽ ഇതുപോലുളള രക്തസാക്ഷികളെ സർക്കാർ ഇനിയും സൃഷ്ടിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.