തിരുവനന്തപുരം: പ്രവാസികളെ സംസ്ഥാന സർക്കാർ വഞ്ചിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലേക്ക് എത്താൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന് സംസ്ഥാനം നിർബന്ധം പിടിക്കുന്നത് മനുഷ്യത്വരഹിതമാണ്. എല്ലാ പ്രവാസികളും നാട്ടിലേക്ക് മടങ്ങി വരാൻ പറഞ്ഞ മുഖ്യമന്ത്രി അമ്പതിനായിരം പേർ എത്തിയപ്പോൾ തന്നെ നിലപാട് മാറ്റുകയാണ്. മറ്റു രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്കും ആഭ്യന്തര വിമാന സർവീസ് വഴി എത്തുന്നവർക്കും ട്രെയിൻ യാത്രക്കാർക്കും വേണ്ടാത്ത സർട്ടിഫിക്കറ്റ് ഗൾഫിലെ പ്രവാസികൾക്ക് മാത്രം ഏർപ്പെടുത്തുന്നത് വിവേചനപരമാണ്. ആരും കേരളത്തിലേക്ക് വരരുത് എന്നാണ് സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്നത്എന്നും ചെന്നിത്തല പറഞ്ഞു.
രണ്ട് ലക്ഷം പേർക്ക് നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയെന്ന സർക്കാർ വാദം ബഡായി ആണെന്ന് തെളിഞ്ഞു. ഇപ്പോൾ സർക്കാർ ഘട്ടംഘട്ടമായി ഇതിൽനിന്ന് പിൻവാങ്ങുകയാണ്. വിദേശത്തു നിന്നും വന്നവർക്ക് സഹായം നൽകുമെന്ന പ്രഖ്യാപനവും പൊള്ളയായ വാഗ്ദാനം ആയി. ഇക്കാര്യങ്ങളിലെ സർക്കാറിന്‍റെ വിചിത്രമായ നിലപാടുകൾ എല്ലാവർക്കും ബോധ്യമായതായും ചെന്നിത്തല പറഞ്ഞു. പ്രവാസി വിഷയത്തിൻ അനുകൂല നിലപാട് ആവശ്യപ്പെട്ട് നാളെ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ സെക്രട്ടറിയേറ്റിനു മുന്നിൽ ഉപവാസസമരം നടത്തുമെന്നും ചെന്നിത്തല അറിയിച്ചു.