തിരുവനന്തപുരം: ശബരിമലയിലെ കുംഭമാസ പൂജകള്‍ക്ക് കൂടുതല്‍ പേര്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന ദേവസ്വം ബോര്‍ഡിന്‍റെ ആവശ്യം സംസ്ഥാന സർക്കാർ തള്ളി. നിലവില്‍ അനുവദിച്ചിട്ടുള്ള 5,000 പേരെ കൂടുതല്‍ പ്രവേശിപ്പിക്കാനാവില്ലെന്നും സംസ്ഥാനത്തെ കൊവിഡ് പ്രതികൂല സാഹചര്യം കണക്കിലെടുത്താണ് നടപടിയെന്നും സർക്കാർ വ്യക്തമാക്കി. ശബരിമലയില്‍ ദര്‍ശനത്തിനായി 15,000 പേരെ അനുവദിക്കണം എന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു.
കൊവിഡ് സാഹചര്യത്തില്‍ സ്ഥിതി വിലയിരുത്തി തീരുമാനം അറിയിക്കാന്‍ സര്‍ക്കാര്‍ ആരോഗ്യ വകുപ്പിനോട് നിർദേശിച്ചിരുന്നു. കൂടുതല്‍ പേരെ അനുവദിച്ചാല്‍ സ്ഥിതി ഗുരുതരമാകുമെന്ന നിലപാട് കൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി. കുംഭമാസ പൂജകള്‍ക്കായി ഈമാസം 12നാണ് ശബരിമല നട തുറക്കുന്നത്.