തിരുവനന്തപുരം: കൊവിഡ് കാലത്ത് വീണ്ടുമൊരു ഓണ്‍ലൈന്‍ അധ്യയനവര്‍ഷത്തിന് കൂടി നാളെ തുടക്കമാകും. പുതിയ അധ്യയന വര്‍ഷത്തിന്‍റെ ഭാഗമായി കൈറ്റ് വിക്ടേഴ്‌സ് ചാനലില്‍ ഫസ്റ്റ്‌ബെല്‍ 2.0 ക്ലാസുകൾ നാളെ മുതല്‍ ആരംഭിക്കും. കൊവിഡ് മാനദണ്ഡം പാലിച്ച് രാവിലെ 8.30ന് തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളുടെ ട്രയല്‍ സംപ്രേഷണം രണ്ട് മുതല്‍ തുടങ്ങും. പ്ലസ് ടു ക്ലാസുകള്‍ ഏഴിനായിരിക്കും തുടങ്ങുക.
ആദ്യ രണ്ടാഴ്ച ട്രയല്‍ അടിസ്ഥാനത്തിലാകും ക്ലാസുകള്‍. മുഴുവന്‍ കുട്ടികള്‍ക്കും ക്ലാസുകള്‍ക്കും കാണാന്‍ അവസരമുണ്ടെന്ന് അതാത് അധ്യാപകര്‍ ഉറപ്പാക്കണം. പ്രവേശനോത്സവ പരിപാടിയില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, മഞ്ജുവാര്യര്‍ തുടങ്ങിയ സിനിമാ താരങ്ങള്‍ കുട്ടികള്‍ക്ക് ആശംസകളറിയിക്കും.
സ്‌കൂള്‍ പ്രവേശനോത്സവ ഗീതം പുറത്തിറക്കി
പ്രവേശനോത്സവത്തിന്‍റെ ഭാഗമായുള്ള ഗീതം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പുറത്തിറക്കി. പുതിയൊരു സൂര്യനുദിച്ചേ..വീണ്ടും പുത്തന്‍ പുലരി പിറക്കുന്നേ എന്ന ഗാനം രചിച്ചത് കവിയും പൊതുവിദ്യാഭ്യാസ യജ്ഞം അക്കാദമിക് കോര്‍ഡിനേറ്റർ കൂടിയായ മുരുകന്‍ കാട്ടാക്കടയാണ്. രമേശ് നാരായണനാണ് സംഗീതം നല്‍കിയിരിക്കുന്നത്. മധുശ്രീ, വിദ്യാർഥികളായ ആരഭി വിജയ്, ആഭേരി വിജയ്, പി.വി.ഗംഗ, ദേവാനന്ദ എന്നിവരാണ് ഗായകര്‍.
ALSO READ: കൊവിഡ് വ്യാപനം; സ്കൂൾ തുറക്കുന്നതിൽ അനിശ്ചിതത്വം