തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായതോടെ മുന്നൊരുക്കങ്ങൾ ശക്തമാക്കി റവന്യൂവകുപ്പ്. ദേശീയ ദുരന്തനിവാരണ സേനയുടെ ആറ് സംഘങ്ങൾ സംസ്ഥാനത്ത് എത്തിയെന്ന് റവന്യൂമന്ത്രി കെ രാജൻ പറഞ്ഞു. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിൽ എൻ.ഡി.ആർ.എഫ് സംഘങ്ങൾ ക്യാമ്പ് ചെയ്യുന്നുണ്ട്.
കേരള തീരത്ത് രൂപപ്പെട്ട ചക്രവാത ചുഴി രണ്ടു ദിവസം കൂടി തുടരാൻ സാധ്യതയുള്ളതിനാൽ നാളെയും മറ്റന്നാളും മഴ തുടരുമെന്നും മന്ത്രി പറഞ്ഞു. പടിഞ്ഞാറൻ പസഫിക് സമുദ്രത്തിൽ ചുഴലിക്കാറ്റിന്‍റെ സാന്നിധ്യം കൊണ്ട് ബംഗാൾ ഉൾക്കടലിൽ ബുധനാഴ്ച പുതിയ ന്യൂനമർദം രൂപപ്പെടും. ഇത് ബംഗാൾ, ഒഡിഷ തീരത്തേയ്ക്ക് പോകുമെങ്കിലും വടക്കൻ ജില്ലകളിൽ മഴ ശക്തമാക്കാൻ ഇടയുണ്ട്.
സംസ്ഥാനത്ത് 27 ക്യാമ്പുകള്‍
മുൻ വർഷങ്ങളിലെ പ്രളയ അനുഭവങ്ങൾ ഉൾക്കൊണ്ട് 2021 ലെ ഓറഞ്ച് ബുക്ക് തയ്യാറായെന്നും ഇതിൽ അപകടം രേഖപ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങളിൽ മുന്നൊരുക്കങ്ങൾ ഒരുക്കാൻ ജില്ല കലക്‌ടര്‍മാരോട് നിർദേശിച്ചതായും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 27 ക്യാമ്പുകളിലായി 622 പേരാണ് ഇപ്പോഴുള്ളത്. ഏത് അപകടത്തെയും നേരിടാൻ സജ്ജമാകാൻ ഉദ്യോഗസ്ഥരോട് നിർദേശിച്ചതായും ആവശ്യമെങ്കിൽ കൂടുതൽ ക്യാമ്പുകൾ തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പശ്ചിമഘട്ട മലനിരകളോട് ചേർന്ന പ്രദേശങ്ങളിൽ വരുന്ന മൂന്ന് ദിവസം രാത്രി യാത്ര നിരോധിച്ചു. തീരദേശ മേഖലകളിൽ താമസിക്കുന്നവർ മൂന്നുദിവസം മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്.
ALSO READ: പി ജയരാജന്‍ വധശ്രമ കേസില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരായ പ്രതികളെ വെറുതെ വിട്ടു