തിരുവനന്തപുരം: ഇന്ത്യയുടെ നിലനില്‍പ്പിന് വേണ്ടി ജനാധിപത്യ ശക്തികള്‍ നടത്തുന്ന പോരാട്ടത്തെ അടിച്ചമര്‍ത്താനാണ് ആര്‍ എസ് എസ് പ്രചാരകനായ പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂട്ടരും ശ്രമിക്കുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മതനിരപേക്ഷവാദികള്‍ രാജ്യത്തിന്റെ നിലനില്‍പ്പിന് വേണ്ടി പോരാടുന്നത് സ്വാതന്ത്ര്യസമരത്തിന്റെ ഓർമ്മകളിലാണ്. ബ്രിട്ടീഷുകാരുടെ കാല്‍ക്കല്‍ മാപ്പപേക്ഷയുമായി കുനിഞ്ഞിരുന്ന പാരമ്പര്യമുള്ളവര്‍ക്ക് ഒരിക്കലും രാജ്യത്തിന്റെ സ്വാതന്ത്ര്യവും ജനാധിപത്യവും ഭരണഘടനയും മതനിരപേക്ഷതയുമൊന്നും വിലപ്പെട്ടതായി തോന്നില്ല. ആ നിലപാടല്ല മതനിരപേക്ഷ ജനാധിപത്യ ശക്തികള്‍ക്കുള്ളത് എന്നതിന്‍റെ തെളിവാണ് ഡല്‍ഹിയിലെ വീറുറ്റ പ്രതിഷേധമെന്നും കൊടിയേരി ഫെയ്സ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
"ഇന്ത്യ മഹാരാജ്യത്തിന്റെ നിലനില്‍പ്പിന് വേണ്ടി ജനാധിപത്യ ശക്തികള്‍ നടത്തുന്ന പോരാട്ടത്തെ അടിച്ചമര്‍ത്താനാണ് ആര്‍ എസ് എസ് പ്രചാരകനായ പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂട്ടരും ശ്രമിക്കുന്നത്.
ഭാരതമെന്ന് കേട്ടാല്‍ അഭിമാനപൂരിതമാവുന്ന അന്തരംഗത്തോടെയാണ് മതനിരപേക്ഷവാദികള്‍ രാജ്യത്തിന്റെ നിലനില്‍പ്പിന് വേണ്ടി പോരാടുന്നത്. അത്തരത്തിലുള്ള മനോഭാവം ഞങ്ങള്‍ക്കുണ്ടായത് സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ചരിത്രത്താളുകളില്‍ തിളക്കമുള്ള ഏടുകള്‍ അടയാളപ്പെടുത്തിയതിന്റെ അഭിമാനോജ്ജ്വലമായ സ്മരണകളില്‍ നിന്നാണ്. ബ്രിട്ടീഷുകാരുടെ കാല്‍ക്കല്‍ മാപ്പപേക്ഷയുമായി കുനിഞ്ഞിരുന്ന പാരമ്പര്യമുള്ളവര്‍ക്ക് ഒരിക്കലും രാജ്യത്തിന്റെ സ്വാതന്ത്ര്യവും ജനാധിപത്യവും ഭരണഘടനയും മതനിരപേക്ഷതയുമൊന്നും വിലപ്പെട്ടതായി തോന്നില്ല. ആ നിലപാടല്ല മതനിരപേക്ഷ ജനാധിപത്യ ശക്തികള്ക്കുള്ളതെന്നതിന്റെ തെളിവാണ് ഡല്‍ഹിയിലെ വീറുറ്റ പ്രതിഷേധം.
പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ പ്രകടനം നടത്തിയ സിപി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജ എന്നിവരടക്കം നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. പൗരത്വ നിയമത്തിനെതിരെ ഇടതുപാര്‍ടികള്‍ ആഹ്വാനം ചെയ്ത മാര്‍ച്ചിന് അനുമതി നിഷേധിച്ച പൊലീസ് സമര ജീവിതങ്ങളെ കല്‍ത്തുറുങ്ക്കാട്ടി പേടിപ്പിക്കാമെന്ന വ്യാമോഹത്തിലാണുള്ളതെന്ന് തോന്നുന്നു. ഡല്‍ഹി പോലീസിനെ നിയന്ത്രിക്കുന്നത് കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷായാണ്. ചെങ്കോട്ടയിലേക്കുള്ള മാര്‍ച്ച് തടയാനും നിരോധനജ്ഞ പ്രഖ്യാപിക്കാനും നിര്‍ദേശം നല്‍കിയതും മറ്റാരുമല്ല. ഡല്‍ഹിയില്‍ ഇന്റര്നെറ്റും മൊബൈല്‍ ഫോണ്‍ സേവനങ്ങളും നിര്‍ത്തിവെക്കാനും പോലീസിനെ ഉപയോഗിച്ച് സംഘിഭരണകൂടം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നു.
ഇത്തരത്തിലുള്ള ഭീഷണികളും അടിച്ചമര്‍ത്തലുകളും എത്രകാലം നിങ്ങള്‍ തുടരും ? ഈ രാജ്യത്തെ ജനതയെ എത്രകാലം നിങ്ങള്‍ വെല്ലുവിളിക്കും?
ബ്രിട്ടീഷുകാരുടെ അടിച്ചമര്‍ത്തല്‍ പോളിസി പിന്തുടര്‍ന്ന് ഭരണകൂട പ്രയോഗങ്ങള്‍ നടത്തുമ്പോള്‍ ആര്‍ എസ് എസ് - ബി ജെ പി സംഘപരിവാരം ഒന്നോര്‍ക്കണം. സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തില്‍ ഈ രാജ്യം അണിനിരന്നത് ജാതിയുടെയും മതത്തിന്റെയും വേഷത്തിന്റെയും പ്രദേശങ്ങളുടെയുമൊക്കെ വേലിക്കെട്ടുകളെ മറികടന്നാണ്. വിമോചനത്തിന്റെ ഗാഥകള്‍ ലോകത്തെവിടെയും ഉയര്‍ന്നുപൊങ്ങിയിട്ടുള്ളത് അങ്ങനെതന്നെയാണ്. ജനങ്ങളുടെ അതിജീവനപോരാട്ടങ്ങളെ വര്‍ഗീയത കലര്‍ത്തി ദുര്‍ബലമാക്കാമെന്ന സംഘിബുദ്ധി ചേര്‍ന്ന് നില്‍ക്കുന്നത് ബ്രിട്ടീഷ് കൊളോണിയലിസ്റ്റുകളുടെ ചെയ്ത്തുകളോടാണ്. രാമായണത്തിലും മഹാഭാരതത്തിലും ഭഗവത്ഗീതയിലും പറയാത്ത ഈ ഭിന്നിപ്പിക്കല്‍ തന്ത്രം ബ്രിട്ടീഷുകാരുടേതാണ്. അവരാണല്ലൊ ധരിച്ച വസ്ത്രം നോക്കിപ്പോലും ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കാന്‍ ശ്രമിച്ചത്. ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം പിടിച്ചുവാങ്ങാന്‍ രാജ്യം ഒറ്റക്കെട്ടായി നിന്നതുപോലെയാണ് സംഘികളില്‍ നിന്നും രാജ്യത്തെ മോചിപ്പിക്കാന്‍ ജനത ഇപ്പോള്‍ കൈകോര്‍ക്കുന്നത്. ആ ജനരോഷത്തിന്റെ അലമാലകളില്‍ വേരറ്റ് നില്‍ക്കുന്ന നരേന്ദ്രമോദിയും സംഘവും കടപുഴകി വീഴാന്‍ നേരമേറെ വേണ്ട.
നാനാത്വത്തില്‍ ഏകത്വത്തിന് പകരം നാനാത്വത്തില്‍ സംഘിത്വം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ഈ നാട് കൈയ്യും കെട്ടി നോക്കിനില്‍ക്കുമെന്ന് കരുതരുത്. ഡല്‍ഹിയിലെ പൊലീസ് വേട്ടയ്‌ക്കെതിരെ നാടെങ്ങും പ്രതിഷേധം ഉയരട്ടെ."