തിരുവന്തപുരം: സാമൂഹിക വ്യാപന ഭീഷണി നിലനിൽക്കുന്ന തലസ്ഥാന നഗരത്തിൽ ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലും മാർക്കറ്റുകളിലും നഗരസഭ ആരോഗ്യ വിഭാഗവും പൊലീസും പരിശോധന ശക്തമാക്കി. ചന്തകളിലും ഷോപ്പിങ് മാളുകളിലും പകുതി സ്ഥാപനങ്ങൾ മാത്രമാണ് തുറന്നു പ്രവർത്തിക്കുന്നത്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. പച്ചക്കറി കടകൾക്ക് തിങ്കൾ, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കാനാണ് അനുമതിയുള്ളത്. ഇറച്ചിക്കടകൾക്കും പലചരക്ക് കടകൾക്കും ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കാം. മാളുകളിലെ സൂപ്പർ മാർക്കറ്റുകൾ തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ മാത്രമേ തുറക്കാൻ പാടുള്ളൂ. നിയന്ത്രണങ്ങൾ ഇന്നു മുതലാണ് നിലവിൽ വന്നത്.
നഗരത്തിലെ പ്രധാന മാർക്കറ്റുകളായ പാളയം, ചാല എന്നിവിടങ്ങളിൽ മേയർ കെ.ശ്രീകുമാറിന്‍റെ നേതൃത്വത്തിൽ നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി. തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ഒന്നിടവിട്ട ദിവസങ്ങളിൽ കടകൾ തുറക്കാൻ തീരുമാനിച്ചതെന്ന് മേയർ കെ. ശ്രീകുമാർ പറഞ്ഞു. കടകൾക്ക് ഏതൊക്കെ ദിവസങ്ങളിൽ തുറക്കാമെന്നത് സംബന്ധിച്ച് പാസ് നൽകിയിട്ടുണ്ട്. പാസില്ലാതെ തുറക്കുന്ന കടകൾക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
നഗരത്തിൽ പുതുതായി കണ്ടെയ്‌മെന്‍റ് സോണുകളായി പ്രഖ്യാപിച്ച കരിക്കകം, കടകംപള്ളി വാർഡുകളിൽ പൊലീസ് നിയന്ത്രണങ്ങൾ ശക്തമാക്കി. വാർഡുകളിലേയ്ക്കുള്ള പ്രധാന പാതകൾ ബാരിക്കേഡ് ഉപയോഗിച്ച് അടച്ചു. സെക്രട്ടേറിയറ്റിന് മുന്നിലെ സമരങ്ങളിൽ കൊവിഡ് മാർഗ നിർദേശങ്ങൾ കർശനമായി പാലിക്കണം. ഉറവിടം അറിയാത്ത കൊവിഡ് രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കിയത്.