തിരുവനന്തപുരം: കെഎസ്ആർടിസി സമരത്തിനിടയിൽ കുഴഞ്ഞു വീണ യാത്രക്കാരൻ മരിച്ചു. കാച്ചാണി സ്വദേശി സുരേന്ദ്രൻ (60) ആണ് മരിച്ചത്. കിഴക്കേകോട്ട ബസ് സ്റ്റേഷനിൽ കുഴഞ്ഞു വീണ യാത്രക്കാരനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സുരേന്ദ്രന് കൃത്യസമയത്ത് പ്രാഥമിക ചികിത്സ നൽകിയിരുന്നു.
നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടാക്കി യാത്രക്കാരെയും പൊതുജനങ്ങളെയും ഏറെ ബുദ്ധിമുട്ടിപ്പിച്ച കെഎസ്ആർടിസി ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു.
കെഎസ്ആർടിസി മാനേജിങ് ഡയറക്‌ടറും സിറ്റി പൊലീസ് കമ്മിഷണറും വിശദമായ അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. കേസ് മാർച്ച് നാലിന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കും.