തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ മത വിഭാഗങ്ങളുടെ ആരാധനാലയങ്ങളില്‍ രാത്രി 10 മണിയ്ക്ക് ശേഷം ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ആഭ്യന്തര വകുപ്പ്. രാത്രി 10 മണി മുതല്‍ രാവിലെ ആറ് മണി വരെയാണ് വിലക്കേര്‍പ്പെടുത്തിയത്. 2020ല്‍ ശബ്‌ദ മലിനീകരണ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നിട്ടുണ്ടെങ്കിലും ഫലപ്രദമായി നടപ്പാക്കിയില്ലെന്ന് ബാലാവകാശ കമ്മിഷന്‍ ചൂണ്ടികാട്ടിയിരുന്നു.
ഇതേ തുടര്‍ന്നാണ് ആഭ്യന്തര വകുപ്പിന്‍റെ ഉത്തരവ്. സംസ്ഥാനത്തെ കുട്ടികള്‍, പ്രായം ചെന്നവര്‍, രോഗികള്‍ എന്നിവര്‍ക്ക് ഉച്ചഭാഷിണികളില്‍ നിന്നുള്ള അമിത ശബ്ദം ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് ഉത്തരവില്‍ പറയുന്നു. ആഭ്യന്തര വകുപ്പിന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ആരാധാനാലയങ്ങളിലെ ഉച്ചഭാഷിണിയുടെ ഉപയോഗത്തിനുള്ള നിയന്ത്രണം കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ ഡിജിപി ക്ക് നിര്‍ദേശം നല്‍കി.
അതേ സമയം ഓഡിറ്റോറിയം, കോണ്‍ഫറന്‍സ് ഹാള്‍, വിരുന്നു ഹാള്‍, അടിയന്തര യോഗം നടക്കുന്ന സ്ഥലം എന്നിവിടങ്ങളില്‍ ഈ നിയന്ത്രണം ബാധകമല്ലെന്നും ആഭ്യന്തര വകുപ്പ് ഉത്തരവില്‍ പറയുന്നു.
Also read: ആരാധനാലയങ്ങളിലെ ശബ്‌ദമലിനീകരണം: പരാതിപ്പെട്ടാല്‍ രണ്ട് മണിക്കൂറിനകം പരിഹരിക്കണമെന്ന് ബാലാവകാശ കമ്മിഷന്‍