തിരുവനന്തപുരം: ബാർകോഴ കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ കേസെടുക്കുന്നതിൽ സർക്കാർ തീരുമാനം ഇന്നുണ്ടാകാൻ സാധ്യത. കേസെടുക്കുന്നത് സംബന്ധിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ അനുമതി തേടണമോയെന്ന കാര്യത്തിലാണ് സർക്കാർ തലത്തിൽ ചർച്ചകൾ നടക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഒരു കോടി രൂപ നൽകി എന്നായിരുന്നു ബാർ ഉടമ ബിജു രമേശ് വെളിപ്പെടുത്തിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ വിജിലൻസിന് പരാതി ലഭിക്കുകയും അന്വേഷണത്തിന് സർക്കാർ അനുമതി നൽകുകയും ചെയ്‌തു.
നിയമവശങ്ങളെല്ലാം പരിശോധിച്ച ശേഷം ഇതിന്‍റെ തുടർനടപടികൾ മതിയെന്നാണ് സർക്കാർ തീരുമാനം. ഇതിന്‍റെ ഭാഗമായി സർക്കാർ നിയമോപദേശം തേടി. പ്രതിപക്ഷ നേതാവിനെതിരെ കേസ് എടുക്കുന്നതിന് ഗവർണറുടെ അനുമതി വേണ്ടെന്ന നിയമോപദേശമാണ് സർക്കാർ പ്രധാനമായും പരിഗണിക്കുന്നത്. പ്രതിപക്ഷ നേതാവിന് ക്യാബിനറ്റ് റാങ്കുള്ളതിനാൽ ഗവർണറുടെ അനുമതി തേടണമെന്ന നിർദേശവും സർക്കാരിന്‍റെ മുന്നിലുണ്ട്. ഇക്കാര്യത്തിൽ വിശദമായ കൂടിയാലോചനകൾ സർക്കാർ തലത്തിൽ നടക്കുകയാണ്.