തിരുവനന്തപുരം: പൊലീസ് ജീപ്പ് അടിച്ചു തകര്‍ത്ത എസ്എഫ്ഐ പ്രവര്‍ത്തകനെതിരായ കേസ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍ അപേക്ഷ നല്‍കി. രക്തസാക്ഷി മണ്ഡപത്തിന് സമീപം ട്രാഫിക് നിയമം ലംഘിച്ച എസ്എഫ്ഐ പ്രവര്‍ത്തകനെ പിടികൂടിയതിന്‍റെ പേരിലാണ് പ്രവര്‍ത്തകൻ പൊലീസ് ജീപ്പ് തകർത്തത്. യൂണിവേഴ്‌സിറ്റി കുത്ത് കേസ്, പിഎസ്‌സി ചോദ്യപേപ്പര്‍ ചോര്‍ന്ന കേസ് എന്നിവയിലടക്കം പ്രതിയായ നസീമിനെതിരായ പൊതുമുതല്‍ നശീകരണ കേസ് പിന്‍വലിക്കണമെന്നാണ് സര്‍ക്കാരിന്‍റെ ആവശ്യം. അപേക്ഷ കോടതി ഫയലിൽ സ്വീകരിച്ചു.
നിയമസഭയിലെ കയ്യാങ്കളിയെ തുടര്‍ന്ന് 2,20,093 രൂപ നഷ്‌ടമുണ്ടാക്കിയ നിയമസഭാ സാമാജികരുടെ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയെ സമീപിച്ചപ്പോള്‍ സര്‍ക്കാരിനെ വിമര്‍ശിച്ച കോടതി കേസ് പിന്‍വലിക്കാന്‍ അനുവദിക്കാതെ പ്രതികളോട് 35000 രൂപ വീതം കെട്ടിവയ്ക്കാന്‍ നിര്‍ദേശിച്ചിരുന്നു. പൊതുമുതല്‍ നശീകരണ കേസുകള്‍ സര്‍ക്കാരിന് തന്നെ എതിരായതിനാല്‍ അവ പിന്‍വലിക്കാന്‍ അനുവദിക്കരുതെന്ന് മേല്‍കോടതി ഉത്തരവുകള്‍ ഉണ്ട്. ഈ സാഹചര്യത്തിലാണ് എസ്എഫ്ഐക്കാരനായ നസീം പൊലീസ് ജീപ്പ് അടിച്ചു തകര്‍ത്ത പൊതു മുതല്‍ നശീകരണ കേസ് കോടതിയുടെ പരിഗണനയില്‍ വരുന്നത്.