തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് നാളെ കൊടിയേറും. ചടങ്ങുകൾ മാത്രമാണ് ഉത്സവത്തിന്‍റെ ഭാഗമായി നടക്കുക. ഈ മാസം 18 ന് പള്ളിവേട്ടയും 19 ന് ആറാട്ടും നടക്കും. കൊവിഡ് കണക്കിലെടുത്ത് ശംഖുമുഖം കടപ്പുറത്ത് നടത്താറുള്ള പതിവ് ആറാട്ടിന് പകരം ക്ഷേത്രത്തിനു മുന്നിലെ പത്മ തീർത്ത കുളത്തിൽ ചെറിയതോതിലുള്ള ആറാട്ടാണ് നടത്തുക. ഉത്സവത്തിന്‍റെ ഭാഗമായുള്ള മണ്ണുനീർ കോരൽ, ബ്രഹ്മകലശം എന്നിവയും ആഘോഷമില്ലാതെ നടത്തും. ഉത്സവ ദിവസങ്ങളിൽ രാവിലെ 9 .30 മുതൽ 12 മണിവരെയും വൈകിട്ട് 5 .30 മുതൽ ആറ് മണി വരെയും ഭക്തർക്ക് ദർശനം ക്രമീകരിച്ചിട്ടുണ്ട്.
രണ്ടു ഉത്സവം പതിവുള്ള ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ രണ്ടാമത്തെ ഉത്സവമായ അൽപ്പശി ഉത്സവം ഒക്ടോബർ 15 ന് നടത്തണം. അതിനുമുന്നേ പൈങ്കുനി ഉത്സവം നടത്തണമെന്ന തന്ത്രിയുടെ നിർദേശം കണക്കിലെടുത്താണ് നാളെ ഉത്സവം തുടങ്ങുന്നത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ഒപ്പം ആചാരപരമായി നാലു ക്ഷേത്രങ്ങളിൽ കൂടി ഉത്സവം നടക്കേണ്ടതുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ശ്രീവരാഹം വരാഹമൂർത്തി ക്ഷേത്രം, ത്രിവിക്രമംഗലം മഹാവിഷ്ണുക്ഷേത്രം, ഇരവിപേരൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം, തൃപ്പാപ്പൂർ മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിലാണ് ഒരേസമയത്ത് ഉത്സവം നടക്കേണ്ടത്. എന്നാൽ ഈ ക്ഷേത്രങ്ങളിലെ ഉത്സവം സംബന്ധിച്ച് ദേവസ്വം ബോർഡ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.