തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തില്‍ നടന്നുവരുന്ന മുറജപത്തിന്‍റെ ആദ്യ മുറ നാളെ അവസാനിക്കും. ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന ഓരോ മുറകളിലേയും ആദ്യ മുറയാണ് നാളെ അവസാനിക്കുന്നത്. അടുത്ത മുറ വെള്ളിയാഴ്ച ആരംഭിക്കും. മുറജപം ഒരാഴ്‌ച പൂര്‍ത്തിയാകുമ്പോള്‍ ശ്രീപത്മനാഭ ക്ഷേത്രം ഭക്തജന മുഖരിതമാണ്. ഏഴു ദിവസം വീതം നീളുന്ന എട്ടു മുറകള്‍ ചേര്‍ന്നാണ് മുറ ജപം പൂര്‍ത്തിയാകുന്നത്.
ഓരോ മുറയിലും ഋഗ്, യജുര്‍, സാമം എന്നീ വേദങ്ങള്‍ പൂര്‍ണമായി ചൊല്ലി തീര്‍ക്കും. ഇതിനായി ഓരോ വേദത്തേയും എട്ടായി തരം തിരിച്ച് ഒരു ദിവസം ഒരു അഷ്ടകം വീതം ഏഴു ദിവസം കൊണ്ട് ഒരു മുറയിലെ വേദം പൂര്‍ണമായി ചൊല്ലി തീര്‍ക്കും. ഋഗ് വേദത്തില്‍ 2200ഉം യജുര്‍വേദത്തില്‍ 2198ഉം സാമ വേദത്തില്‍ 2200ഉം വര്‍ഗങ്ങളാണുള്ളത്. ആദ്യ മുറ അവസാനിക്കുന്ന നാളെ രാത്രി ക്ഷേത്രത്തില്‍ പൊന്നും ശീവേലി നടക്കും. മുറ ജപത്തിന്റെ ഭാഗമായി എല്ലാ ദിവസവും രാത്രി ഏഴിന് കിഴക്കേ നടയില്‍ അനുഷ്ഠാന കലാരൂപങ്ങളുടെ പ്രദര്‍ശനവുമുണ്ട്.മുറജപവും അതിന്‍റെ ഭാഗമായി വൈകിട്ട് പത്മതീര്‍ത്ഥക്കരയില്‍ നടക്കുന്ന ജലജപവും കാണാന്‍ ഭക്തരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.