തിരുവനന്തപുരം: പുതുതായി തെരഞ്ഞെടുക്കപ്പെട്ട കെ.പി.സി.സി അംഗങ്ങളുടെ ആദ്യയോഗം പാര്‍ട്ടി ആസ്ഥാനമായ ഇന്ദിരാഭവനില്‍ ചേര്‍ന്നു. സാങ്കേതികമായി സംഘടന തെരഞ്ഞെടുപ്പിനാണ് യോഗം ചേര്‍ന്നതെങ്കിലും സമവായ സാഹചര്യത്തില്‍ കേരളത്തില്‍ സംഘടന തെരഞ്ഞെടുപ്പ് ഇത്തവണയില്ല. കെ.പി.സി.സി പ്രസിഡന്‍റ്, ഭാരവാഹികള്‍, നിര്‍വാഹക സമിതി അംഗങ്ങള്‍, സംസ്ഥാനത്തു നിന്നുള്ള എ.ഐ.സി.സി അംഗങ്ങള്‍ എന്നിവരെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഒറ്റവരി പ്രമേയം രമേശ് ചെന്നിത്തല അവതരിപ്പിച്ചു.
എന്നാല്‍ സംഘടന തെരഞ്ഞെടുപ്പില്‍ ഏതു കെ.പി.സി.സി അംഗത്തിനും മത്സിക്കാന്‍ അര്‍ഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി മുന്‍ കെ.പി.സി.സി ഭാരവാഹിയായ ശരത് ചന്ദ്ര പ്രസാദ് നാടകീയമായി രംഗത്തു വന്നെങ്കിലും നേതൃത്വം ഇടപെട്ട് അനുനയിപ്പിക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ കെ.സുധാകരന്‍ പ്രസിഡന്‍റായി തുടരും. കെ.പി.സി.സി അംഗങ്ങളല്ലാത്തവരെയും ഭാരവാഹികളായി പരിഗണിക്കും. എ.ഐ.സി.സി ക്ക് പുതിയ നേതൃത്വം നിലവില്‍ വന്ന ശേഷമായിരിക്കും പുതിയ പ്രഖ്യാപനം എന്നാണ് കരുതുന്നത്.