തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തുടങ്ങി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് യോഗത്തിന്‍റെ പ്രധാന അജണ്ട. ഡിസംബറിൽ തെരഞ്ഞെടുപ്പ് നടക്കുമെന്ന കണക്കൂട്ടലിൽ ഒരുക്കങ്ങൾ തുടങ്ങാൻ ജില്ലാ കമ്മിറ്റികൾക്ക് സിപിഎം നിർദ്ദേശം നൽകിയിട്ടുണ്ട്. ഒരുക്കങ്ങൾ കൃത്യമായ രീതിയിൽ നടത്തുന്നതിന് കൊവിഡ് പ്രോട്ടോകോൾ പാലിച്ച് എങ്ങനെ പ്രചരണം നടത്തണം എന്നത് സംബന്ധിച്ചും മാർഗരേഖ ഇറക്കാനാണ് സിപിഎം നീക്കം.
കേരള കോൺഗ്രസ് എം ഇടതുമുന്നണിയിൽ ഉൾപ്പെടുമ്പോൾ തദ്ദേശ സ്ഥാപനങ്ങളിൽ വിട്ട് നൽകേണ്ട സീറ്റുകൾ സംബന്ധിച്ചും ഇന്നത്തെ യോഗത്തിൽ ചർച്ച നടക്കും. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെ ദുർബലപ്പെടുത്താൻ ബിജെപി ശ്രമിക്കുകയാണെന്നും ഇതിന് കോൺഗ്രസ് കുടപിടിക്കുകയാണെന്നുമുള്ള വിമർശനം സിപിഎം സജീവമായി ഉയർത്തുന്നുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ പ്രചരണ പരിപാടികൾ നടത്തുന്നത് ഇന്നത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിക്കും. ഇന്നത്തെ സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം വൈകുന്നേരം അഞ്ച് മണിക്ക് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താ സമ്മേളനം നടത്തുന്നുണ്ട്.