തിരുവനന്തപുരം: കൊറോണ ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. ജാഗ്രതയും നിരീക്ഷണവും ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് നടപടി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേർന്ന സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്‍റ് അതോറിറ്റി അപക്‌സ് കമ്മിറ്റി യോഗത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു. കൊറോണ വൈറസ് ബാധയെ ഫലപ്രദമായി നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
രോഗബാധിത പ്രദേശങ്ങളില്‍ നിന്നും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2239 പേര്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇവരില്‍ 2155 പേര്‍ വീടുകളിലും 84 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 140 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. ഇതിൽ ഫലം വന്ന 49ൽ മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയിരുന്ന 82 പേർ നിരീക്ഷണത്തിലാണ്. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.