തിരുവനന്തപുരം: പാരമ്പര്യത്തേയും ആധുനികതയേയും ബന്ധിപ്പിക്കുന്ന കാല സാക്ഷിയാണ് സെക്രട്ടറിയേറ്റ് മന്ദിരമെന്ന് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. 150-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളാണ് സർക്കാർ സംഘടിപ്പിച്ചിട്ടുള്ളത്.
1869 ജൂലൈ എട്ടിന് തിരുവിതാംകൂർ മഹാരാജാവായിരുന്ന ആയില്യം തിരുനാളാണ് മന്ദിരം ഉദ്ഘാടനം ചെയ്തത്. ഓഗസ്ത് 23ന് ഓഫീസുകൾ പ്രവർത്തനം ആരംഭിച്ചു. നിലവിലെ സെക്രട്ടറിയേറ്റ് മന്ദിരത്തിന്റെ ചരിത്ര വഴികൾ മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ ഓർമിപ്പിച്ചു. വലിയ സാമൂഹിക മാറ്റങ്ങൾക്ക് ചാലുകീറിയതാണ് സെക്രട്ടറിയേറ്റ് മന്ദിരമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
റോമൻ - ഡച്ച് വാസ്തുശിൽപ മാതൃകയിൽ വില്യം ബാർട്ടനാണ് മന്ദിരം രൂപകൽപന ചെയ്തത്. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ഫോട്ടോ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി , വി.എസ്. ശിവകുമാർ എം.എൽ.എ,ചീഫ് സെക്രട്ടറി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.