തിരുവനന്തപുരം: തമ്പാനൂരിൽ ഹോട്ടൽ റൂമിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട സ്വദേശി ഗായത്രിയാണ് (24) മരിച്ചത്. ഇന്ന് (06.03.22) പുലർച്ചെയാണ് ഗായത്രിയെ ഹോട്ടൽ ചോള സാമ്രാടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പ്രവീണിനെ ഇന്നലെ വൈകിട്ട് മുതൽ കാണാനില്ലെന്നും ഹോട്ടൽ ജീവനക്കാർ പറയുന്നു.
ഇരുവരും ഒരുമിച്ചാണ് ഇന്നലെ ഉച്ചയോടെ മുറി ബുക്ക് ചെയ്യുന്നത്. തുടർന്ന് വൈകുന്നേരം മുറി പൂട്ടി പുറത്തുപോയ പ്രവീൺ തിരികെ വന്നില്ല. പുലർച്ചയോടെ റൂമിൽ ഒരാൾ ഉണ്ടെന്ന് ഹോട്ടലിൽ ഫോൺ സന്ദേശം ലഭിച്ചു. വിവരം അറിഞ്ഞ് പൊലീസെത്തി മുറി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ യുവതിയെ കണ്ടെത്തുന്നത്.
അതേസമയം ഇന്നലെ രാവിലെ മുതൽ യുവതിയെ കാണാനില്ലെന്ന് കാട്ടാക്കട പൊലീസിൽ പരാതി ലഭിച്ചിരുന്നതായി പൊലീസ് അറിയിച്ചു. ഒപ്പമുണ്ടായിരുന്ന പ്രവീണിനായി തിരച്ചിൽ ആരംഭിച്ചതായും തമ്പാനൂർ സിഐ കൂട്ടിച്ചേർത്തു. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്.
ALSO READ:ടാറ്റൂ സ്റ്റുഡിയോയിലെ ലൈംഗിക അതിക്രമം; ടാറ്റൂ ആർട്ടിസ്റ്റ് സുജീഷ് അറസ്റ്റിൽ