തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്‍റെ വസതിയിലേക്ക് കഴിഞ്ഞദിവസം മാര്‍ച്ച് നടത്തിയ കെഎസ്‌യു പ്രവർത്തകർക്ക് നേരെ പൊലീസ് നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ചുളള കെഎസ്‌യു സെക്രട്ടേറിയറ്റ് മാർച്ചിലും സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് മൂന്നുതവണ ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ സെക്രട്ടേറിയറ്റിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു.
തുടര്‍ന്ന് ഏറെനേരം പൊലീസും പ്രവർത്തകരും തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടിയതിന് ശേഷം പ്രവർത്തകർ റോഡ് ഉപരോധിക്കുകയും ചെയ്‌തു. അതേസമയം കേരളവർമ കോളജിലെ യൂണിയൻ തെരഞ്ഞെടുപ്പില്‍ മന്ത്രി ആർ ബിന്ദു ഇടപെട്ടു എന്ന് ആരോപിച്ച് കൊണ്ട് കെഎസ്‌യു പ്രവർത്തകർ തിങ്കളാഴ്‌ച (06.11.2023) മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാർച്ചിനിടെയും പൊലീസ് പ്രവർത്തകരെ ആക്രമിച്ചിരുന്നു. ഇതേ തുടർന്നാണ് ജില്ല കേന്ദ്രങ്ങളിൽ കെഎസ്‌യു ചൊവ്വാഴ്‌ച പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.
മന്ത്രി വസതിയിലേക്കുള്ള മാര്‍ച്ചിലും സംഘര്‍ഷം: കഴിഞ്ഞദിവസം രാവിലെ 11 മണിയോടെയാണ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ ഔദ്യോഗിക വസതിയായ സാനഡുവിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ പതിവുപോലെ ബാരിക്കേഡ് മറിച്ചിടാനുള്ള ശ്രമമായി. ഇതിനിടെ പൊലീസുമായി ഉന്തും തള്ളും ജലപീരങ്കി പ്രയോഗവും അരങ്ങേറി. പൊലീസുമായുള്ള ഉന്തിലും തള്ളിനുമിടെ നസിയ എന്ന വനിത പ്രവര്‍ത്തകയ്ക്ക് മുഖത്ത് ലാത്തിയടിയുമേറ്റു.
പ്രകോപിതരായ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം തുടരുന്നതിനിടെ അഭിജിത് എന്ന പ്രവര്‍ത്തകന്‍റെ തലയ്ക്കും പൊലീസിന്‍റെ ലാത്തിയടിയേറ്റു. ഇതോടെ മുഖത്തു നിന്നും തലയില്‍ നിന്നും ചോര വാര്‍ന്നൊഴുകുന്നതിനിടെ പ്രവര്‍ത്തകരെ പൊലീസ് വാഹനത്തില്‍ ആശുപത്രിയിലേക്കു മാറ്റി. പിന്നാലെ ഏറെ നേരം പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സംഘര്‍ഷത്തിന് അല്‍പം അയവ് വന്നതോടെ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോവുകയായിരുന്നു.
എന്നാല്‍ പിരിഞ്ഞുപോയ പ്രവര്‍ത്തകരെ പൊലീസ് പിന്നാലെയെത്തി കസ്‌റ്റഡിയിലെടുത്തു എന്നാരോപിച്ച് പ്രവര്‍ത്തകര്‍ സംഘടിച്ച് പാളയത്തെത്തി റോഡ് ഉപരോധിക്കുകയും ചെയ്‌തു. ഇതിനിടെ ഒരു പ്രവര്‍ത്തകനെ പൊലീസ് ബലം പ്രയോഗിച്ച് പൊലീസ് വാഹനത്തില്‍ കയറ്റുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്‌തിരുന്നു. ഇതിനിടെ മ്യൂസിയം എസ്‌ഐയുടെയും കന്‍റോണ്‍മെന്‍റ് സിഐയുടെയും നേതൃത്വത്തില്‍ പൊലീസ് തങ്ങളെ ക്രൂരമായി മര്‍ദിക്കുകയാണെന്ന് കെഎസ്‌യു ആരോപിച്ചു. ഇതോടെ സംഘര്‍ഷം കനക്കുകയും റോഡരികില്‍ സ്ഥാപിച്ചിരുന്ന കേരളീയത്തിന്‍റെ ബോര്‍ഡുകള്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ തകര്‍ക്കുകയും ചെയ്‌തു.