തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ശബരിമല ഒഴികെയുള്ള ക്ഷേത്രങ്ങൾ ചിങ്ങം ഒന്നിന് ഭക്തർക്കായി തുറന്നു. രാവിലെ ആറ് മുതൽ ക്ഷേത്രങ്ങളിൽ ഭക്തർക്ക് പ്രവേശനാനുമതിയുണ്ട്. കർശന നിയന്ത്രണങ്ങളോടെയാണ് പ്രവേശനം. കൊവിഡ് പശ്ചാത്തലത്തില്‍ അടച്ചിരുന്ന ക്ഷേത്രങ്ങളാണ് തുറന്നത്. ദർശനത്തിന് എത്തുന്നവരുടെ പേരും മേൽവിലാസവും ഫോൺ നമ്പരും അടക്കമുള്ള വിവരങ്ങൾ രേഖപ്പെടുത്തിയാണ് പ്രവേശനം അനുവദിക്കുന്നത്.
ഒരേസമയം അഞ്ച് പേരെ മാത്രമാണ് ക്ഷേത്രത്തിന് അകത്തേക്ക് പ്രവേശിപ്പിക്കുക. മാസ്‌കും സാമൂഹിക അകലവും നിർബന്ധമാണ്. പത്ത് വയസിൽ താഴെയുള്ള കുട്ടികൾക്കും 65 വയസിന് മുകളിൽ പ്രായമുള്ളവർക്കും പ്രവേശനമില്ല. ശ്രീകോവിലിൽ നിന്ന് പ്രസാദം പ്രത്യേക കൗണ്ടറുകൾ വഴിയാണ് വിതരണം ചെയ്യുന്നത്. നേരത്തെ ഭക്തർക്കായി ക്ഷേത്രങ്ങൾ തുറന്ന് നൽകിയിരുന്നെങ്കിലും കൊവിഡ് രൂക്ഷമായതോടെ തീരുമാനം പിൻവലിക്കുകയായിരുന്നു.