തിരുവനന്തപുരം : വര്‍ക്കലയില്‍ ഗോപു എത്തിയത് സംഗീതയെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നുവെന്ന് പൊലീസ്. അഖില്‍ എന്ന കള്ളപ്പേരില്‍ സംഗീതയുടെ വീട്ടിലെത്തിയാണ് ഗോപു 17 കാരിയെ കൊലപ്പെടുത്തിയത്. തന്‍റെ പ്രണയത്തില്‍ നിന്ന് അകന്ന സംഗീതയോട് പകയായിരുന്നു ഗോപുവിന്.
സംഗീത അകന്നതിന് കാരണം മറ്റാരെങ്കിലുമായി അടുപ്പമുള്ളതിനാലാണോ എന്ന സംശയമുണ്ടായിരുന്നു ഗോപുവിന്. ഇതറിയാനായി ഒരേസമയം രണ്ട് നമ്പറുകളില്‍ നിന്ന് ഗോപു സംഗീതയുമായി സംസാരിച്ചു. സാമൂഹ്യ മാധ്യമങ്ങള്‍ വഴി അഖില്‍ എന്ന പേരില്‍ സംഗീതയോട് ചാറ്റ് ചെയ്‌തു.
ALSO READ: 'വർക്കല കൊലപാതകം സ്ത്രീ വിരുദ്ധ മാനസികാവസ്ഥയുടെ തെളിവ്' ; ഗൗരവകരമായ ഇടപെടൽ വേണമെന്ന് വനിത കമ്മീഷൻ
അഖിലാണെന്ന് പറഞ്ഞ് സംഗീതയുടെ ഫോണില്‍ വിളിക്കുകയും പുറത്തേക്ക് വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. വീടിന് പുറത്തെത്തിയ സംഗീത കണ്ടത് ഗോപുവിനെയാണ്. തുടര്‍ന്ന് സംഗീതയുമായി വാക്കേറ്റമുണ്ടാവുകയും പ്രതി കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു.
വീടിന് പുറത്ത് രക്തം വാര്‍ന്ന നിലയിലാണ് സംഗീതയെ കണ്ടെത്തിയത്. ഉടനെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഗീതയുടെ വീടിനരികില്‍ നിന്ന് കൃത്യത്തിന് ഉപയോഗിച്ച കത്തിയും പ്രതിയുടെ മൊബൈല്‍ഫോണും പൊലീസിന് ലഭിച്ചു. ബഹളം കേട്ട നാട്ടുകാര്‍ പ്രതി ഓടി മറയുന്നത് കണ്ടിരുന്നു.