തിരുവനന്തപുരം: എട്ടു വയസുകാരനായ വിദ്യാർഥിക്ക് നേരെ പേന എറിഞ്ഞ് കാഴ്‌ച നഷ്‌ടപ്പെട്ട കേസിൽ അധ്യാപികയ്ക്ക് ഒരു വർഷം തടവും മൂന്നു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. മലയിൻകീഴ് കണ്ടല സർക്കാർ സ്‌കൂളിലെ അധ്യാപികയായ ഷെരീഫ ഷാജഹാൻ പ്രതിയായ കേസിലാണ് തിരുവനന്തപുരം പോക്‌സോ കോടതി ഉത്തരവ് അറിയിച്ചത്. കേസിൽ സഹപ്രവർത്തകരായ അധ്യാപകർ കൂട്ടത്തോടെ കൂറുമാറിയിരുന്നു.
2005 ജനുവരി 18നാണ് സംഭവം. ഒന്നാം ക്ലാസുകാരനായ കുട്ടിയുടെ മൊഴി പ്രകാരം ക്ലാസിൽ കൂട്ടുകാരുമായി സംസാരിച്ചതിനെ തുടർന്ന് കുട്ടിക്ക് നേരെ അധ്യാപിക പേന വലിച്ചെറിയുകയായിരുന്നു. അധ്യാപികയുടെ പക്കൽ ഉണ്ടായിരുന്ന ബോൾപേന കുട്ടിയുടെ ഇടതു കണ്ണിൽ തുളച്ചു കയറി. സംഭവം അറിഞ്ഞെത്തിയ സ്‌കൂളിലെ മറ്റൊരു അധ്യാപകൻ കുട്ടിയുടെ മുഖം കഴുകാൻ കൊണ്ടു പോയ സമയത്ത് പ്രതിയയായ അധ്യാപിക കുട്ടിയെ പിറകിൽ നിന്നും വന്ന് വീണ്ടും അടിച്ചതായും പരാതിയുണ്ട്.
ALSO READ: 15കാരിയെ ബലാത്സംഗം ചെയ്‌ത് ഗർഭിണിയാക്കിയ കേസ് : പ്രതിക്ക് മരണം വരെ കഠിന തടവ്
കുട്ടിയെ അടുത്തുള്ള പ്രാഥമിക ഹെൽത്ത് സെന്‍ററിൽ കൊണ്ടുപോയെങ്കിലും കുട്ടിയുടെ കണ്ണിൻ്റെ അവസ്ഥ കണ്ട് അവിടെ നിന്നും കണ്ണാശുപത്രിലേയ്ക്ക് കൊണ്ടുപോകാൻ നിർദ്ദേശിക്കുകയായിരുന്നു. ആശുപത്രിയിൽ ഡോക്‌ടർ ചോദിച്ചപ്പോൾ സഹാധ്യാപകൻ കുട്ടി ക്രിക്കറ്റ് കളിക്കുക്കന്നതിനിടയിൽ ബോൾ കൊണ്ടതാണെന്ന് പറഞ്ഞു. എന്നാൽ കുട്ടി അപ്പോൾ തന്നെ ഡോക്‌ടറോട് അധ്യാപിക പേന എറിഞ്ഞതാണെന്ന് വെളിപ്പെടുത്തി. ഇക്കാര്യം ഡോക്‌ടർ രേഖപ്പെടുത്തുകയും ചെയ്‌തു.
മൂന്ന് ശസ്‌ത്രക്രിയ നടത്തിയെങ്കിലും കുട്ടിയുടെ കാഴ്‌ച പൂർണമായി നഷ്‌ടമായി. സ്‌കൂളിലെ പ്രധാന അധ്യാപകൻ അടക്കം മൂന്ന് അധ്യാപകർ കേസിൽ കൂറുമാറിയിരുന്നു. എന്നാൽ കുട്ടിയുടെയും കുട്ടിയുടെ അച്ഛന്‍റെയും മൊഴികളും ശാസ്‌ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് അധ്യാപികയെ ശിക്ഷിച്ചത്.