തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ സെപ്റ്റംബർ മാസത്തെ ശമ്പളത്തിന്‍റെ രണ്ടാം ഗഡു വൈകുന്നതിൽ പ്രതിഷേധിച്ച് ചീഫ് ഓഫീസിന് മുന്നിൽ പ്രതിപക്ഷ സംഘടനയായ ടിഡിഎഫിന്‍റെ പ്രതിഷേധം (TDF Protest On Delaying Salaries Of KSRTC Employees). ചീഫ് ഓഫീസ് ഉപരോധിക്കുകയും ഉദ്യോഗസ്ഥരെ തടയാൻ ശ്രമിക്കുകയും ചെയ്‌ത പ്രവർത്തകരെ പൊലീസ് തടഞ്ഞതോടെ ഉന്തുംതള്ളും ഉണ്ടായി.
എല്ലാ മാസവും അഞ്ചാം തീയതി ആദ്യ ഗഡുവും 15ന് രണ്ടാം ഗഡുവും നൽകുമെന്നായിരുന്നു മാനേജ്മെന്‍റും മുഖ്യമന്ത്രിയും തൊഴിലാളി സംഘടനകളുമായി നടത്തിയ ചർച്ചയിൽ നൽകിയ ഉറപ്പ്. എന്നാൽ ഈ ഉറപ്പ് പലതവണ ലംഘിക്കപ്പെടുകയും കഴിഞ്ഞ മാസത്തെ ശമ്പളത്തിന്‍റെ രണ്ടാം ഗഡു നൽകേണ്ട തീയതി കഴിഞ്ഞ് എട്ട് ദിവസം പിന്നിട്ടിട്ടും ഇതുവരെ ശമ്പളം നൽകാത്ത സാഹചര്യത്തിലാണ് ടിഡിഎഫിന്‍റെ നേതൃത്വത്തിൽ ചീഫ് ഓഫീസ് ഉപരോധിച്ചത്. നിലവിൽ ടിഡിഎഫ് പ്രവർത്തകർ കെഎസ്ആർടിസി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയാണ്. ഇതിനുശേഷം മാധ്യമങ്ങളെ കാണും.
ശമ്പളം കൃത്യമായി നൽകിയില്ലെങ്കിൽ മണ്ഡലകാലത്ത് പണിമുടക്കും: ഉദ്യോഗസ്ഥ പ്രതിനിധികളുമായി ടിഡിഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഡി അജയൻ നടത്തിയ ചർച്ചയിൽ രണ്ടാം ഗഡു ശമ്പളം വ്യാഴാഴ്‌ച തന്നെ നൽകുമെന്ന് ഉറപ്പ് നൽകി. ഉറപ്പിന്‍റെ അടിസ്ഥാനത്തിൽ പ്രവർത്തകർ ഉപരോധം അവസാനിപ്പിച്ചു. വ്യാഴാഴ്‌ച വൈകിട്ടും രണ്ടാം ഗഡു നൽകിയില്ലെങ്കിൽ ശക്തമായ സമര നടപടികളിലേക്ക് കടക്കും. അടുത്തമാസം മുതൽ ശമ്പളം കൃത്യമായി നൽകിയില്ലെങ്കിൽ മണ്ഡലകാലത്ത് പണിമുടക്ക് ഉൾപ്പെടെയുള്ള സന്ധിയില്ലാ സമര മുറകളിലേക്ക് കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം 40 കോടി രൂപ കൂടി ധനവകുപ്പ് അനുവദിച്ചാൽ മാത്രമേ രണ്ടാം ഗഡു വിതരണം ചെയ്യാനാകൂവെന്നാണ് മാനേജ്മെന്‍റ് വാദം. നേരത്തെ സർക്കാർ നൽകിയ 30 കോടി രൂപ ഉപയോഗിച്ചായിരുന്നു ആദ്യ ഗഡു വിതരണം ചെയ്‌തത്.
അതേസമയം കെഎസ്ആർടിസി ബസുകൾ കഴുകി വൃത്തിയാക്കുന്നതിന് കരാർ ക്ഷണിച്ചു. പഴയ രീതിക്ക് പകരം ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് ബസിന്‍റെ അകവും പുറവും കഴുകി വൃത്തിയാക്കുന്നതിനാണ് കരാർ ക്ഷണിച്ചിരിക്കുന്നത്. ബസുകൾ കഴുകുന്നതിനുള്ള സ്ഥലസൗകര്യവും വെള്ളവും കെഎസ്ആർടിസി തന്നെ നൽകും. എന്നാൽ ഇതിനാവശ്യമായ ജീവനക്കാരെയും യന്ത്രങ്ങളും കരാർ കമ്പനി തന്നെ ലഭ്യമാക്കണമെന്നാണ് വ്യവസ്ഥ. സ്വിഫ്റ്റിന്‍റെ എ സി, ഇലക്ട്രിക്, ഹൈബ്രിഡ് ഉൾപ്പെടെ 395 ബസുകളാണ് എല്ലാ ദിവസവും ട്രിപ്പ് കഴിയുമ്പോൾ കഴുകി വൃത്തിയാക്കേണ്ടത്. നേരത്തെ പരീക്ഷണാടിസ്ഥാനത്തിൽ പ്രൊഫഷണൽ ഹോസ്‌പ്പിറ്റാലിറ്റി സർവീസസ് എന്ന സ്വകാര്യ കമ്പനിയാണ് ബസുകൾ വൃത്തിയാക്കിയിരുന്നത്.
ഏഴ് പേരടങ്ങുന്ന ടീമിനെയാണ് ഇതിനായി നിയോഗിച്ചിരുന്നത്. തമ്പാനൂർ, കിഴക്കേക്കോട്ട, പേരൂർക്കട, കണിയാപുരം ഡിപ്പോകളിലായിരുന്നു ക്ലീനിങ് ടീമിൻ്റെ പ്രവർത്തനം. ഇത്തരത്തിലുള്ള സംവിധാനമാണ് കരാർ ക്ഷണിച്ച് സ്ഥിരമാക്കാൻ പോകുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ എ സി വോൾവോ ബസുകൾ വൃത്തിയാക്കുന്നതിന് 210 രൂപ, ഇലക്ട്രിക് ബസുകൾക്ക് 125 രൂപ എന്നിങ്ങനെയായിരുന്നു നിരക്ക്. കരാറിനായി കൂടുതൽ കമ്പനികൾ സമീപിക്കുന്നതോടെ നിരക്ക് ഇനിയും കുറയുമെന്നാണ് കണക്കുകൂട്ടൽ. അതേസമയം സ്വന്തമായി ബസ് വാഷിങ് മെഷീൻ സംവിധാനം വാങ്ങാനുള്ള തയാറെടുപ്പിലാണ് മാനേജ്മെന്‍റ്.