തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യത്തിന് നികുതി വര്‍ധിപ്പിക്കാന്‍ നികുതി വകുപ്പിന്‍റെ ശുപാര്‍ശ. കൊവിഡിൽ തകര്‍ന്ന വരുമാന നഷ്ടം പരിഹരിക്കാനാണ് നികുതി വർദ്ധന നിര്‍ദ്ദേശം നികുതി വകുപ്പ് മുന്നോട്ട് വച്ചത്. 10 മുതല്‍ 35 ശതമാനം വരെ നികുതി വര്‍ധിപ്പിക്കാനാണ് നിര്‍ദേശം. ഇക്കാര്യം മന്ത്രിസഭ യോഗം ചര്‍ച്ച ചെയ്യും. നിര്‍ദേശത്തിന് അംഗീകാരം ലഭിച്ചാല്‍ ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കും. വിൽപന നികുതിയിയിൽ മാറ്റം വരുത്തിയായിരുക്കും ഓര്‍ഡിനന്‍സ് ഇറക്കുക.
അങ്ങനെയെങ്കിൽ ലോക്ക് ഡൗൺ കഴിഞ്ഞതിന് ശേഷം മദ്യ വിൽപന പുനരാംഭിക്കുമ്പോള്‍ സംസ്ഥാനത്ത് മദ്യ വിലയില്‍ ഗണ്യമായ വര്‍ധനയുണ്ടാകും. എല്ലാത്തരം മദ്യങ്ങൾക്കും ബിയറുകൾക്കും വിലകൂടും. 600 മുതല്‍ 700 കോടി രൂപയുടെ അധിക വരുമാനമാണ് ഇത്തരമൊരു നിര്‍ദേശത്തിലൂടെ നികുതി വകുപ്പ് ലക്ഷ്യമിടുന്നത്. കെയ്‌സ് അടിസ്ഥാനമാക്കിയാകും നികുതി വര്‍ദ്ധിക്കുക. നിലവില്‍ മദ്യത്തിന് ഏറ്റവും കൂടുതല്‍ നികുതി ചുമത്തുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. 78 മുതല്‍ 212 ശതമാനം വരെയാണ് മദ്യത്തിന് കേരളം നികുതി ചുമത്തുന്നത്. ഫാക്ടറി വിലയില്‍ എക്‌സൈസ് ഡ്യൂട്ടിയും ചുമത്തിയ ശേഷമാണ് സംസ്ഥാനത്ത് നികുതി കണക്കാക്കുന്നത്. പുതിയ നിര്‍ദേശം കൂടി അംഗീകരിക്കുമ്പോള്‍ വിലയില്‍ വലിയരീതിയില്‍ വര്‍ധനവ് ഉണ്ടാകും. കൊവിഡ് പശ്ചാത്തലത്തില്‍ പല സംസ്ഥാനങ്ങളും മദ്യ നികുതിയില്‍ ക്രമാതീത വര്‍ധനവ് വരുത്തിയിരുന്നു. ഡല്‍ഹിയില്‍ മദ്യത്തിന് 70 ശതമാനം നികുതിയാണ് വര്‍ദ്ധിപ്പിച്ചത്. എന്നാല്‍ പുതിയ നികുതി നിര്‍ദേശത്തോട് പ്രതികരിക്കാന്‍ ധനമന്ത്രി തോമസ് ഐസക് തയാറായിട്ടില്ല.