തിരുവനന്തപുരം : മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം. ശിവശങ്കറിനെതിരെ സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്‌ന സുരേഷ്. ശിവശങ്കർ രചിച്ച 'അശ്വാത്ഥാമാവ് വെറുമൊരു ആന' എന്ന ആത്മകഥാപരമായ പുസ്‌തകത്തില്‍ തന്‍റെ പേര് വലിച്ചിഴച്ചതിനെതിരെയാണ് സ്വപ്‌ന സുരേഷ് രംഗത്തുവന്നത്. താൻ ഇരയാക്കപ്പെടുകയായിരുന്നുവെന്നാണ് സ്വപ്‌നയുടെ വാദം.
കൈക്കൂലിയായി ലഭിച്ച മൊബൈൽ ഫോൺ സമ്മാനമായി നൽകി സ്വപ്‌ന സുരേഷ് തന്നെ കബളിപ്പിക്കുകയായിരുന്നുവെന്ന ശിവശങ്കറിന്‍റെ പരാമർശത്തിനെതിരെയാണ് സ്വപ്‌ന രംഗത്തുവന്നിരിക്കുന്നത്.
തന്നെ നശിപ്പിച്ചതിൽ ശിവശങ്കറിന് വലിയ പങ്കുണ്ടെന്ന് സ്വപ്ന ആരോപിക്കുന്നു. മൂന്ന് വർഷമായി തന്‍റെ കുടുംബത്തിന്‍റെ ഭാഗമാണ് അദ്ദേഹം. ഐഫോൺ കൊടുത്ത് ശിവശങ്കറിനെ ചതിക്കേണ്ട ആവശ്യമില്ല. താൻ പുസ്‌തകം വായിച്ചിട്ടില്ലാത്തതിനാൽ വിശദാംശങ്ങൾ അറിയില്ലെന്നും സ്വപ്‌ന പറയുന്നു.
എനിക്ക് ജീവിക്കണം, മക്കളെ വളർത്തണം. അവരെല്ലാം ഉന്നത സ്ഥാനത്തിരിക്കുന്ന ആളുകളാണ്. ഒരു സ്ത്രീയെന്ന നിലയിൽ എന്നെ ചൂഷണം ചെയ്യുകയും നശിപ്പിക്കുകയും ചെയ്തു. ശിവശങ്കർ സാറിന് അതിൽ ഒരു പ്രധാന പങ്കുണ്ട്, സ്വപ്‌ന സുരേഷ് ആരോപിക്കുന്നു.
തന്‍റെ ജീവിതത്തിന്‍റെ ഭാഗമായ ഇത്രയും സ്‌നേഹസമ്പന്നനായ വ്യക്തി, ഞാൻ ഐ ഫോൺ നൽകി വഞ്ചിച്ചുവെന്ന് പറയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. സ്‌പേസ് പാർക്കിലെ ജോലിക്ക് ശിവശങ്കർ സ്വപ്‌നയെ ശിപാർശ ചെയ്‌തിട്ടില്ല എന്ന വാദത്തെയും സ്വപ്‌ന ചോദ്യം ചെയ്യുന്നു. തന്‍റെ കഴിവും പശ്ചിമേഷ്യൻ രാജ്യങ്ങളിൽ തനിക്കുള്ള ബന്ധങ്ങളും കാര്യക്ഷമതയും കണ്ടാണ് ശിവശങ്കർ തനിക്ക് ജോലി നേടിത്തന്നത്.
ജോലി പോയതിനെ തുടർന്ന് തന്‍റെ ജീവിതം ദുരിതപൂർണമായെന്നും ആ അവസ്ഥയിൽ ഇത്തരം സംഭവങ്ങള്‍ തന്നെ വളരെയധികം ബാധിക്കുന്നുണ്ടെന്നും സ്വപ്‌ന കൂട്ടിച്ചേര്‍ത്തു. നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിൽ 2020 ജൂലൈയിലാണ് കേന്ദ്ര ഏജൻസികൾ സ്വപ്‌നയെ അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് ഏതാനും മാസങ്ങൾക്ക് മുൻപ് ജാമ്യം നേടി ജയിൽ മോചിതയായിരുന്നു.