തിരുവനന്തപുരം: വിമാനത്താവളത്തിൽ സ്വർണക്കടത്ത് പിടികൂടിയ ദിവസം സെക്രട്ടേറിയറ്റിന് സമീപത്തെ ഫ്ലാറ്റിൽ സ്വപ്‌ന ഉണ്ടായിരുന്നതായി ഫോൺ രേഖകൾ. സ്വർണം പിടിച്ചെടുത്ത ജൂലൈ അഞ്ചിന് രാവിലെ ഒമ്പത് മുതൽ 12.30 വരെ ഫ്ലാറ്റിന് സമീപത്തെ ഹിൽട്ടൺ ഇൻ- പുന്നൻ റോഡ് ടവർ പരിധിയിയിൽ സ്വപ്‌ന ഉണ്ടായിരുന്നുവെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. ഈ ടവറിന് തൊട്ടടുത്താണ് സ്വർണക്കടത്തിൽ ഗൂഢാലോചന നടന്നുവെന്ന് അന്വേഷണ സംഘം സംശയിക്കുന്ന ഹെദർ ടവർ ഫ്ലാറ്റ്. ഇവിടെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ താമസിച്ചിരുന്നു. കൂടാതെ ശിവശങ്കറിന്‍റെ ശുപാർശയിൽ സ്വപ്‌നയുടെ ഭർത്താവ് ജയശങ്കറിന് മുഖ്യമന്ത്രിയുടെ മുൻ ഐ.ടി ഫെലോ അരുൺ ബാലചന്ദ്രൻ ഫ്ലാറ്റ് എടുത്ത് നൽകിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
അഞ്ചാം തിയതി ഉച്ചയോടെയാണ് ഡിപ്ലോമാറ്റിക് ബാഗേജിൽ ഒളിപ്പിച്ച സ്വർണം പിടികൂടിയത്. ഇതിനു ശേഷം സ്വപ്‌ന ഈ ടവർ പരിധിയിലേക്ക് വന്നിട്ടില്ല. അന്നേ ദിവസം സ്വപ്‌നക്കൊപ്പം സന്ദീപും സരിത്തും ഉണ്ടായിരുന്നുവെന്നാണ് സൂചന. ജൂൺ 24നും 27നും നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയെന്നാണ് സരിത്ത് മൊഴി നൽകിയത്. ജൂൺ 24നും സ്വപ്‌ന ഈ ടവർ പരിധിയിൽ ഉണ്ടായിരുന്നു എന്നാണ് ഫോൺ രേഖകൾ.