തിരുവനന്തപുരം: പരീക്ഷയില്‍ കോപ്പിയടിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. എല്‍എല്‍ബി പരീക്ഷയില്‍ കോപ്പിയടിച്ച പൊലീസ് ട്രെയിനിംഗ് കോളജിലെ സിഐ ആദര്‍ശിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. തിരുവനന്തപുരം ലോ അക്കാദമിയിലെ സായാഹ്ന ബാച്ചിലെ വിദ്യാര്‍ഥിയായിരുന്നു ആദര്‍ശ്.
പബ്ലിക് ഇന്‍റര്‍നാഷണല്‍ പരീക്ഷ പുരോഗമിക്കുന്നതിനിടെ ക്ലാസിലെത്തിയ സ്‌ക്വാഡാണ് ആദര്‍ശിനെ കോപ്പിയടിച്ചതിന് പിടിച്ചത്. ഉദ്യോഗസ്ഥന്‍ പിടിയിലായത് പൊലീസ് ട്രെയിനിംഗ് കോളജിന്‍റെ സല്‍പ്പേര് കളങ്കപ്പെടാന്‍ കാരണമായെന്നാണ് എഡിജിപിയുടെ ഉത്തരവില്‍ പറയുന്നത്.
ഉദ്യോഗസ്ഥനെ ട്രെയിനിംഗ് കോളജില്‍ നിന്നും മാറ്റാനും നിര്‍ദേശിച്ചിട്ടുണ്ട്. ആദര്‍ശ് ഉള്‍പ്പെടെ നാലുപേരാണ് പരീക്ഷക്കിടെ കോപ്പിയടിച്ചതിന് പിടിയിലായത്. സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപി പൊലീസ് ട്രെയിനിംഗ് കോളജ് പ്രിന്‍സിപ്പല്‍ കെ.ജി ജോണികുട്ടിയോട് ആവശ്യപ്പെട്ടിരുന്നു. സര്‍വകലാശാലയോടും പൊലീസ് വിവരങ്ങള്‍ തേടിയിരുന്നു. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍.