എറണാകുളം: സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച നടനുള്ള ചലചിത്ര പുരസ്‌കാരം നേടിയ സന്തോഷം പങ്കുവെച്ച് നടന്‍ സുരാജ് വെഞ്ഞാറമൂട്. രതീഷ് പൊതുവാള്‍ സംവിധാനം ചെയ്‌ത ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, എംസി ജോസഫ് സംവിധാനം ചെയ്‌ത വികൃതി എന്ന സിനിമകളിലെ മികച്ച പ്രകടനത്തിനാണ് സുരാജിന് പുരസ്‌കാരം ലഭിച്ചത്. അവാര്‍ഡ് ലഭിച്ച രണ്ട് ചിത്രങ്ങളിലേയും കഥാപാത്രങ്ങള്‍ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് സുരാജ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഈ സിനിമകളിലൂടെ നല്ല കഥാപാത്രങ്ങള്‍ ലഭിച്ചു. മാത്രമല്ല ഈ സിനിമ തീയേറ്ററുകളില്‍ ആളുകള്‍ ഒരുപാട് ആസ്വദിക്കുകയും ചെയ്‌തതാണ്. സര്‍ക്കാര്‍ തലത്തില്‍ ഇത്തരമൊരു അംഗീകാരം ലഭിക്കുന്നതില്‍ സന്തോഷമുണ്ടെന്നും സുരാജ് പറഞ്ഞു.
ലഭിക്കുന്ന അംഗീകാരങ്ങള്‍ വലിയ ഉത്തരവാദിത്വമാണ്. സിനിമയിലെ അണിയറ പ്രവര്‍ത്തകരുടെ കൂട്ടായ പ്രവര്‍ത്തനമാണ് അംഗീകാരത്തിന് സാധ്യതയൊരുക്കിയതെന്നും കൊവിഡ് സാഹചര്യം മാറി പഴയപോലെ തീയേറ്ററുകള്‍ സജീവമകട്ടെയെന്നും സുരാജ് പറഞ്ഞു. ഇപ്പോള്‍ ആലുവയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ഡിജോ ജോസ് സംവിധാനം ചെയ്യുന്ന ജനഗണമന എന്ന സിനിമ ഷൂട്ടിങ് സെറ്റിലാണ് സുരാജ്.