തിരുവനന്തപുരം : ഏഴ് വർഷങ്ങൾക്ക് ശേഷം സബ്‌സിഡി സാധനങ്ങളുടെ വില വർധിപ്പിക്കാനുള്ള സപ്ലൈകോയുടെ (Supplyco) ആവശ്യം പരിഗണിക്കാൻ സംസ്ഥാന സർക്കാർ. സപ്ലൈക്കോ വഴി ലഭ്യമാകുന്ന 13 ഇന സബ്‌സിഡി സാധനങ്ങൾക്ക് വില വർധിപ്പിക്കാനുള്ള സപ്ലൈക്കോയുടെ ആവശ്യം (Supplyco price hike) പരിഗണിക്കാൻ ഇടതുമുന്നണിയിൽ തീരുമാനമായതോടെയാണ് സർക്കാർ നീക്കം. സപ്ലൈക്കോയിൽ സബ്‌സിഡി (Supplyco subsidy) സാധനങ്ങൾ ഇല്ലെന്ന് ഭക്ഷ്യ മന്ത്രി തന്നെ സമ്മതിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം കിഴക്കേകോട്ടയിലെ സപ്ലൈക്കോ ഔട്ട്‌ലെറ്റിൽ വില വർധനവിനെ കുറിച്ച് പൊതുജനങ്ങളോട് പ്രതികരണം തേടുകയാണ് ഇടിവി ഭാരത്.
സർക്കാർ വിലകൂട്ടിയാൽ പിന്നെന്ത് ചെയ്യുമെന്നും വില ഇങ്ങനെ കൂടിയാൽ നിവൃത്തിയില്ലെന്നും പൊതുജനം പറയുന്നു. നഗരത്തിൽ ഉണ്ടായ വെള്ളപൊക്കം വരുത്തി വച്ച സാമ്പത്തിക ബാധ്യതയിൽ വലയുന്നതിനിടെ വിലക്കയറ്റം വരുന്നുവെന്ന വാർത്ത ആശങ്കപ്പെടുത്തുന്നു. സബ്‌സിഡി സാധനങ്ങൾ ഇല്ലാത്തതിനാൽ പുറത്ത് നിന്നും വലിയ വിലയിൽ സാധനങ്ങൾ വാങ്ങാൻ നിർബന്ധിതമാകുന്നുവെന്നും പൊതുജനങ്ങൾ അഭിപ്രായപ്പെട്ടു.
സബ്‌സിഡി ഇനത്തിൽ ചെറുപയർ, മല്ലി, വെളിച്ചെണ്ണ, ജയ അരി എന്നിവ മാത്രമാണ് കിഴക്കേകോട്ടയിലെ സബ്‌സിഡി ഔട്ട്‌ലെറ്റിലുള്ളത്. സബ്‌സിഡി ഇല്ലാത്ത മുളകും ലഭ്യമാണ്. 130 രൂപയാണ് വില. ഇത് ഇവിടുത്തെ മാത്രം സ്ഥിതിയല്ല. നഗരത്തിലെ പ്രധാന സപ്ലൈക്കോ ഔട്ട്‌ലെറ്റുകളിലെയെല്ലാം അവസ്ഥയിതാണ്.
സബ്‌സിഡി സാധനങ്ങളില്ലെന്ന പ്രതിപക്ഷ സർവീസ് സംഘടനകളുടെ കുപ്രചരണമെന്നായിരുന്നു മുൻപൊക്കെ ഭക്ഷ്യ മന്ത്രിയുടെ വാദം. എന്നാൽ സാധനങ്ങൾ ഇല്ലെന്നും സപ്ലൈക്കോയ്‌ക്ക് നൽകാൻ സർക്കാരിന്‍റെ കൈയിൽ പണമില്ലെന്നും നിസഹായനായി സമ്മതിക്കുകയാണ് ഇന്ന് മന്ത്രി. വില വർധനവ് നടപ്പിലാക്കിയില്ലെങ്കിൽ ഇനി മുന്നോട്ട് പോകാനാവില്ലെന്ന് സപ്ലൈക്കോ നേരത്തെ തന്നെ ആവശ്യം ഉന്നയിച്ചിരുന്നു.
ഇന്നലെ നടന്ന എൽ ഡി എഫ് യോഗം സപ്ലൈക്കോയുടെ ആവശ്യം പരിഗണിക്കാൻ ഭക്ഷ്യ മന്ത്രിക്ക് അനുമതി നൽകി. ഇതോടെയാണ് വില വർധനവുണ്ടാകുമെന്ന് ഉറപ്പായത്. നിലവിൽ സപ്ലൈക്കോയിൽ ലഭ്യമാകുന്ന 13 ഇന സബ്‌സിഡി സാധനങ്ങളുടെ വില.
- ചെറുപയർ (ഒരു കിലോഗ്രാം)- 74
- ഉഴുന്ന് (ഒരു കിലോഗ്രാം) -66
- കറുത്ത കടല (ഒരു കിലോഗ്രാം) - 43
- വൻ പയർ (ഒരു കിലോഗ്രാം) -45
- മുളക് (ഒരു കിലോഗ്രാം)-75
- മല്ലി (ഒരു കിലോഗ്രാം) - 79
- പഞ്ചസാര (ഒരു കിലോഗ്രാം)- 22
- ജയ അരി (ഒരു കിലോഗ്രാം)-25
- കുറുവ അരി (ഒരു കിലോഗ്രാം)- 25
- പച്ചരി (ഒരു കിലോഗ്രാം)- 23
- മട്ട അരി (ഒരു കിലോഗ്രാം) - 24
- വെളിച്ചെണ്ണ (ഒരു ലിറ്റർ)-128
- തുവര പരിപ്പ് (ഒരു കിലോഗ്രാം)-65
10 കോടിയിൽ നിന്നും ദിവസ വരുമാനം നാല് കോടി രൂപയായി കുറഞ്ഞിട്ട് നാളുകളായി. 2016 ലായിരുന്നു അവസാനമായി സപ്ലൈക്കോ സബ്‌സിഡി സാധനങ്ങളുടെ വില വർധിപ്പിക്കുന്നത്. ഓണക്കാലത്ത് ഉൾപ്പെടെ വിലക്കയറ്റം നിയന്ത്രിക്കാനുള്ള സർക്കാരിന്‍റെ വിപണി ഇടപെടൽ സപ്ലൈകോയെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കിയതോടെയാണ് സർക്കാരിനോട് അടിയന്തര വില വർധനവ് ആവശ്യമെന്ന് സപ്ലൈക്കോ ആവശ്യപ്പെട്ടത്.