തിരുവനന്തപുരം: വിലക്കയറ്റത്തില്‍ ജനങ്ങള്‍ പൊറുതിമുട്ടുന്നതിനിടെ ജനങ്ങളുടെ ഭാരം ഇരട്ടിയാക്കി സപ്ലൈകോ 13 ഇനം സബ്‌സിഡി സാധനങ്ങളുടെ വില കൂട്ടുന്നു. വെള്ളിയാഴ്‌ച (10.11.2023) ചേര്‍ന്ന ഇടത് മുന്നണി യോഗമാണ് വില വര്‍ധന സംബന്ധിച്ച ഉചിതമായ തീരുമാനമെടുക്കാന്‍ ഭക്ഷ്യമന്ത്രിക്ക് അനുമതി നല്‍കിയത്. ഇതോടെ അടുത്തയാഴ്‌ച മുതല്‍ സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ അവശ്യസാധനങ്ങളുടെ വില വര്‍ധിക്കാനുള്ള സാധ്യതയേറി.
സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ അവശ്യസാധന വില ഉയരുമ്പോള്‍ പൊതുവിപണിയിലും സാധനങ്ങളുടെ വില ഉയരുമെന്നതാണ് ആശങ്ക. സര്‍ക്കാരില്‍ നിന്ന് വിവിധ സബ്‌സിഡി തുകയായി ഏകദേശം 1100 കോടി രൂപയോളം സപ്ലൈക്കോയ്‌ക്ക് ലഭിക്കാനുണ്ട്. ഈ തുക പല തവണയായി ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ കനത്ത സാമ്പത്തിക പ്രതിസന്ധിയിലായത് കാരണം തുക അനുവദിക്കാന്‍ ധനവകുപ്പ് തയ്യാറായിട്ടില്ല.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അവശ്യസാധനങ്ങള്‍ മിക്കതും സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ ലഭ്യമല്ല. ഇതെല്ലാം കണക്കിലെടുത്ത് സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധിക്കാന്‍ അനുവദിക്കണമെന്ന് ഭക്ഷ്യ മന്ത്രി ജിആര്‍ അനില്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു. ഇതോടെ ഏഴ് വര്‍ഷമായി വര്‍ധനയില്ലാതെ തുടരുന്ന വിലയാണ് നിലവില്‍ വര്‍ധിക്കാന്‍ കളമൊരുങ്ങിയത്.
11 വര്‍ഷമായി വിപണി ഇടപെടല്‍ നടത്തിയ വകയില്‍ 1525.34 കോടി രൂപ സര്‍ക്കാര്‍ നല്‍കാനുണ്ടെന്നാണ് സപ്ലൈകോയുടെ അവകാശവാദം. കൊവിഡ് കാലത്ത് സൗജന്യ കിറ്റ് നല്‍കിയ ഇനത്തിലുള്ള തുകയും ഇതിലുള്‍പ്പെടും. കഴിഞ്ഞ ബജറ്റില്‍ സപ്ലൈക്കോയ്‌ക്ക് 190.80 കോടി രൂപ മാത്രമാണ് മാറ്റിവച്ചിട്ടുള്ളത്. ഇതില്‍ 140 കോടി രൂപ ഇതിനകം വിതരണം ചെയ്‌തുകഴിഞ്ഞു. എന്നാല്‍ വിതരണക്കാര്‍ക്ക് സാധനങ്ങള്‍ വിതരണം ചെയ്‌ത വകയില്‍ വിതരണക്കാര്‍ക്ക് പണം നല്‍കാത്തതിനാല്‍ സപ്ലൈകോയുടെ 1500 ഔട്ട്‌ലെറ്റുകളില്‍ അവശ്യസാധനങ്ങള്‍ ലഭ്യമല്ല.
സപ്ലൈകോ നല്‍കുന്ന 13 ഇനം സബ്‌സിഡി സാധനങ്ങളും അളവും വിലയും:
തൂക്കം | വില | |
ചെറുപയര്‍ | 1 കിലോഗ്രാം | 74 രൂപ |
ഉഴുന്ന് | 1 കിലോഗ്രാം | 66 രൂപ |
വന്‍കടല | 1 കിലോഗ്രാം | 43 രൂപ |
വന്‍ പയര്‍ | 1 കിലോഗ്രാം | 45 രൂപ |
തുവര പരിപ്പ് | 1 കിലോഗ്രാം | 65 രൂപ |
വറ്റല്‍ മുളക് | 500 ഗ്രാം | 79 രൂപ |
മല്ലി | 500 ഗ്രാം | 79 രൂപ |
പഞ്ചസാര | 1 കിലോഗ്രാം | 22 രൂപ |
വെളിച്ചെണ്ണ | 500 മില്ലി ലിറ്റര്‍ | 46 രൂപ |
ജയ അരി | 1 കിലോഗ്രാം | 25 രൂപ |
കുറുവ അരി | 1 കിലോഗ്രാം | 25 രൂപ |
മട്ട അരി | 1 കിലോഗ്രാം | 24 രൂപ |
പച്ചരി | 1 കിലോഗ്രാം | 24 രൂപ |
വിലവര്‍ധന ഈ വഴിയുമെത്തും: എല്ലാ അരി ഇനങ്ങളും കൂടി പരമാവധി 10 കിലോഗ്രാമാണ് ഒരു മാസം നല്‍കുന്നത്. പൊതുവിപണിയില്‍ 1400 രൂപ വില വരുന്ന സാധനങ്ങള്‍ 756 രൂപയ്‌ക്ക് വില്‍ക്കുന്നുവെന്നാണ് സപ്ലൈകോയുടെ അവകാശവാദം. റേഷന്‍ കാര്‍ഡുള്ള 35 മുതല്‍ 45 ലക്ഷം വരെ കാര്‍ഡുടമകള്‍ സബ്‌സിഡി സാധനങ്ങള്‍ വാങ്ങുന്നു എന്നാണ് കണക്ക്. ഇതിന് പുറമേ ശബരി ബ്രാന്‍ഡിലുള്ളതുള്‍പ്പെടെ തേയില, കാപ്പിപ്പൊടി, മല്ലിപ്പൊടി, വറ്റല്‍മുളക് പൊടി, മഞ്ഞള്‍പ്പൊടി, വെളിച്ചെണ്ണ, കുരുമുളക്, ചിക്കന്‍ മസാല, ഗരം മസാല, ഫിഷ് മസാല, സാമ്പാര്‍ പൊടി, രസം പൊടി, കടുക്, കായം, പെരുംജീരകം, ഉലുവ തുടങ്ങിയവയും വില സപ്ലൈകോ, വിപണി വിലയേക്കാള്‍ വിലകുറച്ച് നല്‍കുന്നുണ്ട്. ഇതിനെല്ലാം ഇനി വിലയുയരും.