തിരുവനന്തപുരം: തലസ്ഥാനത്ത് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് റെക്കോഡ് താപനില. 36.1 ഡിഗ്രി സെൽഷ്യസ് ആണ് ഇന്നലെ ( 14.03.22) തിരുവനന്തപുരത്ത് രേഖപ്പെടുത്തിയത്. മുൻ വർഷങ്ങളിലെ കണക്കനുസരിച്ച് ഈ ദിവസങ്ങളിൽ ശരാശരി താപനില 33.7 ഡിഗ്രി സെൽഷ്യസായിരുന്നു. 2019 മാർച്ചിൽ താപനില 36.7 ഡിഗ്രി വരെയെത്തിയിരുന്നു.
വേനൽ കനക്കുന്നതോടെ രാത്രിയും പകലും ചൂട് കൂടും. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ലഭിക്കേണ്ട അളവിൽ മഴ ലഭിക്കാത്തതാണ് കാരണം. വേനൽമഴ തുടങ്ങാത്തതിനാൽ കിണറുകളിലും നദിയിലും ജലനിരപ്പ് താഴ്ന്നു തുടങ്ങിയിട്ടുണ്ട്. വരുന്ന വ്യാഴം, വെള്ളി ( മാർച്ച് 17,18 തീയതികളില്‍) ജില്ലയിൽ വേനൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പുണ്ട്.
ചൂട് അസഹനീയമായതിന്‍റെ ബുദ്ധിമുട്ടിലാണ് വഴിയോര കച്ചവടക്കാരും ഓട്ടോ തൊഴിലാളികളുമുൾപ്പെടെയുള്ളവർ. വരും ദിവസങ്ങളിൽ മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണിവർ.
ശ്രദ്ധ വേണമെന്ന് മുന്നറിയിപ്പ്
താപനില ഉരുന്നതിനാൽ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കണം. ഏറെ നേരം വെയിലേൽക്കുന്നവർക്ക് സൂര്യാതപമേൽക്കാൻ സാധ്യതയുണ്ട്. വെയിലത്ത് പണിയെടുക്കേണ്ടി വരുന്നവർ, ബൈക്ക് യാത്രികർ, കാൽനട യാത്രക്കാർ എന്നിവർ മുൻകരുതലുകൾ എടുക്കണം. തൊപ്പി, കുട തുടങ്ങിയവ ഉപയോഗിക്കുക.
12 മണി മുതൽ 3 വരെയുള്ള സമയത്തെ ജോലി സമയം ക്രമീകരിക്കണം. ശരീരം തണുപ്പിക്കാൻ പഴവർഗങ്ങൾ, സാലഡുകൾ തുടങ്ങിയവ കഴിക്കണം. നാരങ്ങാവെള്ളം, കരിക്ക് തുടങ്ങിയ പാനീയങ്ങളും കുടിക്കാം. നിർജ്ജലീകരണം തടയാനായി ധാരാളം വെള്ളവും കുടിക്കണം.
Also Read: അരങ്ങുണർന്നു... ചലച്ചിത്രമേളയ്ക്ക് 18ന് തിരിതെളിയും, ഒരുക്കങ്ങൾ തകൃതി