തിരുവനന്തപുരം : വേനൽ ചൂടിൽ കേരളം ഉരുകിയൊലിക്കുമ്പോൾ ആശ്വാസ അറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മലയോര മേഖലകളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യത.
ഞായറാഴ്ച വരെ തെക്കൻ കേരളത്തിലെയും മധ്യകേരളത്തിലെയും ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽ മഴ ലഭിച്ചേക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ പൊതുജനം മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദേശമുണ്ട്. കേരള തീരത്ത് നാളെ രാത്രി 11.30 വരെ 0.4 മുതൽ 0.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നു.
അതേസമയം ഉയർന്ന ചൂടാണ് സംസ്ഥാനത്ത് പലയിടങ്ങളിലും അനുഭവപ്പെടുന്നത്. ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് പാലക്കാടാണ് (38.4 °C). പുനലൂർ - 37.5°C, വെള്ളാനിക്കര - 36.3°C എന്നിങ്ങനെയാണ് ചൂട് രേഖപ്പെടുത്തിയത്. സൂര്യാഘാതമേൽക്കാതിരിക്കാൻ ജനം ജാഗ്രത തുടരണമെന്നും നിർദേശമുണ്ട്. അതേസമയം ഇന്നലെ കൊച്ചിയിൽ പെയ്‌ത വേനൽ മഴ പ്രദേശവാസികളെ ആശങ്കയിലാക്കി. മഴയെ തുടർന്ന് വെള്ളപ്പത രൂപപ്പെട്ടതാണ് ആശങ്കയ്ക്ക് കാരണം. മഴയിൽ അമ്ലത്തിൻ്റെ സാന്നിധ്യമുണ്ടെന്നാണ് ശാസ്ത്രവിദഗ്‌ധരുടെ പ്രതികരണം.
ആസിഡ് മഴ പെയ്‌തുവെന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. മഴയിൽ അമ്ലത്തിൻ്റെ സാന്നിധ്യമുണ്ടെന്ന അഭിപ്രായം ഉയർന്നതോടെ മലിനീകരണ നിയന്ത്രണ ബോർഡ് ആണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ മഴത്തുള്ളികളുടെ വിശദമായ പരിശോധന നടത്തിയ ശേഷം മാത്രമേ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടാകൂ.
ആദ്യ മഴ കൊള്ളരുതെന്ന് അധികൃതർ നിർദേശം നൽകിയിരുന്നു. അതേസമയം ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ അഗ്നിബാധയ്ക്ക് ശേഷം വൻ തോതിൽ മഴ ലഭിച്ചതിനാൽ ഇവിടെ ഉടന്‍ ഇനിയൊരു തീപിടിത്തത്തിന് സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.
വേനൽ ചൂടിൽ ആരോഗ്യം സംരക്ഷിക്കാം : സംസ്ഥാനത്ത് പല സ്ഥലങ്ങളിലും ഉയർന്ന ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ കാലാവസ്ഥയ്ക്ക് അനുസരിച്ച് ആരോഗ്യ സംരക്ഷണം അടിയന്തരമായി പരിഗണിക്കേണ്ട ഒന്നാണ്. വേനൽ ചൂടും അമിത വിയർപ്പും നമ്മുടെ ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാക്കുന്നതിനാൽ ധാരാളം വെള്ളം കുടിക്കേണ്ടതുണ്ട്. ശരീര താപനില വ്യതിയാനങ്ങളുമായി വേഗത്തിൽ പൊരുത്തപ്പെടാത്ത അവസ്ഥയിൽ ഉഷ്‌ണാഘാതം ഉണ്ടാകും. ഈ സാഹചര്യത്തില്‍ വെയിലത്ത് ഇറങ്ങുന്നത് ശ്രദ്ധയോടെ വേണം.
വേനൽക്കാലത്ത് കട്ടികുറഞ്ഞ അയഞ്ഞ വസ്‌ത്രങ്ങൾ മാത്രം ധരിക്കുന്നത് ശരീര താപനില നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്നു. സൂര്യപ്രകാശത്തിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കാൻ പുറത്തിറങ്ങുമ്പോൾ 99 ശതമാനം അൾട്രാ വയലറ്റ് കിരണങ്ങളെ പ്രതിരോധിക്കുന്ന സണ്‍ഗ്ലാസുകൾ ധരിക്കുന്നത് സഹായകരമാകും. മദ്യം, കോഫി തുടങ്ങിയവ നമ്മുടെ ശരീരത്തിൽ വളരെ പെട്ടെന്ന് നിർജ്ജലീകരണം ഉണ്ടാക്കുന്നതിനാൽ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്.