തിരുവനന്തപുരം: എൻജിനീയറിങ് വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ. രതീഷിന്‍റെ വല്യമ്മ ഗിരിജയാണ് ആരോപണവുമായി രംഗത്തെത്തിയത്. വെള്ളിയാഴ്‌ചയാണ് തിരുവനന്തപുരം സി.ഇ.ടി എഞ്ചിനീയറിങ് കോളജിലെ ഒന്നാം വർഷ സിവിൽ എൻജിനീയറിങ് വിദ്യാർഥിയായ രതീഷ് കുമാറിനെ (19) കാണാതാകുന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കോളജിലെ സിവിൽ എഞ്ചിനീയറിങ് ഡിപ്പാർട്ട്മെന്‍റിന്‍റെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അംഗപരിമിതർക്കുള്ള ശുചിമുറി അകത്തുനിന്ന് പൂട്ടിയ ശേഷം വെന്റിലേറ്ററിലെ കമ്പിയിൽ കയർ കെട്ടി തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വിശദമായ പരിശോധനകൾ നടത്തി.
സംഭവത്തിന് പിന്നിൽ തന്റെ ഭർത്താവായ അനിരുദ്ധനെ സംശയിക്കുന്നതായും കഞ്ചാവ് ലോബിയുമായി ബന്ധമുള്ള ഇയാൾ പലതവണ തന്നെയും രതീഷിനെയും ആക്രമിക്കുകയും അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്‌തിരുന്നതായും ഗിരിജ പറയുന്നു. കഞ്ചാവ് വില്പന സംഘത്തെക്കുറിച്ച് എക്സൈസുകാർക്ക് വിവരം നൽകിയെന്നാരോപിച്ച് മാസങ്ങൾക്ക് മുമ്പ് രതീഷിനെ മര്‍ദിച്ചിരുന്നു. നെയ്യാറ്റിൻകരയിലെ കുടുംബ വീട് ആക്രമിച്ച് മുറ്റത്തുണ്ടായിരുന്ന കാർ കത്തിച്ച സംഭവം ഉണ്ടായിട്ടുണ്ടെന്നും പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നും ഇവര്‍ ആരോപിക്കുന്നു. പരീക്ഷ എഴുതാൻ കോളജിൽ പോയ രതീഷ് മടങ്ങിയെത്തിയില്ലെന്ന് കാട്ടി രതീഷിന്‍റെ വല്യമ്മ ഗിരിജ വെള്ളിയാഴ്ച പൊലീസില്‍ പരാതി നല്‍കിയിരുന്നു. അമ്മ മരിച്ച രതീഷ്‌കുമാര്‍ ഗിരിജയുടെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്. പരീക്ഷ അവസാനിക്കുന്നതിന് മുമ്പ് ക്ലാസില്‍നിന്ന് പോയെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. രതീഷിനെ സഹപാഠികൾ തിരഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് കോളജിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.
രതീഷ് കോളജിൽ ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവുമില്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും സി.ഇ.ടി.പ്രിൻസിപ്പൽ പ്രൊഫ.സി.വി.ജിജി പറഞ്ഞു. അതേസമയം മരണ കാരണം തൂങ്ങിമരണമാണെന്നും മൃതദേഹത്തിന് 48 മണിക്കൂർ പഴക്കമുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അഞ്ച് മണി വരെ സി.ഇ.ടി.യിൽ പൊതുദർശനത്തിന് വച്ച മൃതദേഹം ഉള്ളൂരിലെ വീട്ടിലെത്തിച്ചു.